സോളോ ട്രിപ്പ് നടത്തുന്ന ന്യൂസിലൻഡ് സ്വദേശിയായ യുവതിക്ക് ശ്രീലങ്കയിൽ വെച്ച് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന ലൈംഗികാതിക്രമം. “മോൾസ്” എന്നറിയപ്പെടുന്ന ഈ വനിതാ സഞ്ചാരി തനിക്ക് നേരിട്ട ദുരനുഭവം വീഡിയോ സഹിതം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം ലോകശ്രദ്ധ നേടിയത്. അരുഗം ബേയ്ക്കും പാസികുടയ്ക്കും ഇടയിലുള്ള തീരദേശ റോഡിലൂടെ തൻ്റെ ടൂക്-ടൂക്കിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. വഴിയരികിൽ വിശ്രമിക്കാൻ വാഹനം നിർത്തിയപ്പോഴാണ് സംഭവം. ഒരു സ്കൂട്ടറിൽ എത്തിയ ശ്രീലങ്കൻ യുവാവ് ഇവരുമായി സൗഹൃദ സംഭാഷണം ആരംഭിച്ചു.
ഭാഷാപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ഇയാൾ സൗഹാർദ്ദപരമായി സംസാരിച്ചതിനാൽ മോൾസ് പ്രതികരിച്ചു. എന്നാൽ, സംസാരം പെട്ടെന്ന് വഴിമാറി. യുവതി താമസിക്കുന്ന സ്ഥലം തിരക്കിയ യുവാവ് പിന്നീട് ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും യാതൊരു പ്രകോപനവുമില്ലാതെ ലൈംഗികാവയവം പ്രദർശിപ്പിക്കുകയുമായിരുന്നു.
യുവാവിൻ്റെ ഈ അതിക്രമത്തിൽ ഞെട്ടിപ്പോയ യുവതി ഉടൻ തന്നെ ടൂക്-ടൂക്കിൽ കയറി അവിടെനിന്നും രക്ഷപ്പെട്ടു. സുരക്ഷിതമായ ഒരിടത്ത് എത്തിയ ശേഷം, തനിക്ക് നേരിട്ട ദുരനുഭവം അവർ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയതോടെ ശ്രീലങ്കൻ പോലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റ് ഒഴിവാക്കാൻ രൂപമാറ്റം വരുത്താനും ഒളിവിൽ പോകാനും ശ്രമിച്ച ഇരുപതുകാരനായ യുവാവിനെ ഒടുവിൽ പോലീസ് പിടികൂടുകയായിരുന്നു.
ഈ ഒറ്റപ്പെട്ട സംഭവത്തിൻ്റെ പേരിൽ ശ്രീലങ്കയിലെ എല്ലാ ജനങ്ങളെയും കുറ്റപ്പെടുത്തുന്നില്ലെന്നും, താൻ കണ്ടുമുട്ടിയ മറ്റ് നാട്ടുകാർ വളരെ നല്ലവരായിരുന്നു എന്നും മോൾസ് വീഡിയോയിൽ പറയുന്നു. എങ്കിലും, ഒരു സോളോ വനിതാ സഞ്ചാരിയായതിൻ്റെ “വില”യാണിതെന്നും ഈ സംഭവം തൻ്റെ ആത്മവിശ്വാസം തകർത്തു എന്നും യുവതി കൂട്ടിച്ചേർത്തു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ഈ സംഭവം വീണ്ടും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
sri-lanka-sexual-harassment-new-zealand-solo-female-traveller-arrested
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



