ടെഹ്റാൻ: ഇസ്രായേൽ ഇന്റലിജൻസ് ഏജൻസിയായ മൊസാദും അമേരിക്കൻ ഏജൻസിയായ സിഐഎയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യം വെച്ചതെന്ന് റിപ്പോർട്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ഖമേനിയുടെ വസതിയും ഓഫിസും വർഷങ്ങളായി ഇവരുടെ കടുത്ത നിരീക്ഷണത്തിലായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച നടന്ന ആക്രമണത്തിന് തൊട്ടുമുമ്പ് ഖമേനി തന്റെ സുരക്ഷിതമായ ഭൂഗർഭ ബങ്കറിലല്ല, മറിച്ച് ഔദ്യോഗിക ഓഫിസിലാണെന്ന് ഇന്റലിജൻസ് വിഭാഗം ഉറപ്പുവരുത്തിയിരുന്നു.
ഖമേനിയുടെ വസതിക്ക് സമീപമുള്ള ട്രാഫിക് ക്യാമറകളും സുരക്ഷാ ക്യാമറകളും വർഷങ്ങൾക്ക് മുമ്പേ ഇസ്രേൽ ഹാക്ക് ചെയ്തിരുന്നതായി വിവരമുണ്ട്. ഇതിലൂടെ അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കാൻ സാധിച്ചു. കൂടാതെ, ഇറാനിയൻ ഭരണകൂടത്തിനുള്ളിലെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇസ്രായേലിന് വേണ്ടി ചാരപ്രവർത്തനം നടത്തിയതും ഖമേനിയുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കാൻ സഹായിച്ചു. ആക്രമണസമയത്ത് ആശയവിനിമയം തടസ്സപ്പെടുത്തുന്നതിനായി സമീപത്തെ മൊബൈൽ ടവറുകൾ ജാം ചെയ്യുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെ ഖമേനി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ 30 മിസൈലുകൾ തൊടുത്തുവിട്ടത്. ആയിരം കിലോമീറ്റർ അകലെയുള്ള ലക്ഷ്യം പോലും കൃത്യമായി തകർക്കാൻ ശേഷിയുള്ള അമേരിക്കൻ നിർമ്മിത ‘സ്പാറോ’ മിസൈലുകളാണ് ഇതിനായി ഉപയോഗിച്ചത്. പകൽസമയം തന്നെ ആക്രമണത്തിനായി തിരഞ്ഞെടുത്തത് ഇറാനെ ഞെട്ടിക്കാനായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖമേനി ബങ്കറിലേക്ക് മാറുന്നതിന് മുമ്പ് തന്നെ ഓപ്പറേഷൻ പൂർത്തിയാക്കാൻ സാധിച്ചതാണ് ആക്രമണം വിജയകരമാകാൻ കാരണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
'Spy net' set up to trap Khamenei; Secrets leaked by his own shadow, Mossad's master plan revealed



