കിഴക്കൻ ഒന്റാറിയോയിലും പടിഞ്ഞാറൻ ക്യൂബെക്കിലും പ്രത്യേക വായു ഗുണനിലവാര പ്രസ്താവന പ്രാബല്യത്തിൽ വന്നു. കാട്ടുതീ മൂലമുണ്ടാകുന്ന പുക വായുവിന്റെ ഗുണനിലവാരം മോശമാക്കും. ഇന്ന് രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ പ്രദേശത്തെ കാഴ്ച്ച കുറയ്ക്കുന്നതിന് കാരണമാകുമെന്ന് എൻവയോൺമെന്റ് കാനഡ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഈ സമയങ്ങളിൽ ആരോഗ്യപരമായ അപകടസാധ്യതയും കൂടുതലായിരിക്കും.
55 വയസ്സിനു മുകളിലുള്ള താമസക്കാർ, ഗർഭിണികൾ, പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ, നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർ കാട്ടുതീ പുകയുടെ ആഘാതത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. പുകയുമായുള്ള സമ്പർക്കം കുറയ്ക്കാൻ വീടിനുള്ളിൽ തന്നെ കഴിയുക എന്നതാണ് ഒരു മാർഗ്ഗം. വീടിനുള്ളിൽ ആയിരിക്കുമ്പോൾ, ജനലുകളും വാതിലുകളും കഴിയുന്നത്ര അടച്ചിടാൻ ശ്രമിക്കണം.
പ്രൈറി പ്രദേശങ്ങളിൽ കാട്ടുതീ തുടരുകയാണ്. ഇതിന്റെ ആഘാതം നേരിടാൻ നൂറുകണക്കിന് ഫസ്റ്റ് നേഷൻസ് സ്വദേശികളാണ് സ്വന്തം നാട്ടിൽ നിന്ന് നൂറുകിലോമീറ്ററുകൾ അകലെയുള്ള ഒന്റാറിയോയിലെ നയാഗ്രയിലേക്ക് ഒഴിഞ്ഞുപോയത്. തീ പടരുന്നത് മോശമാകുന്നതിനാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായി പരിഗണിക്കേണ്ടി വന്നതായി അധികൃതർ അറിയിച്ചു. ആരോഗ്യ സേവനങ്ങളും അഭയ കേന്ദ്ര സൗകര്യങ്ങളും പ്രാദേശിക ഭരണകൂടം ജനങ്ങൾക്ക് ഒരുക്കുന്നുണ്ട്.



