ടെക്സാസിലെ സ്പേസ് എക്സ് റോക്കറ്റ് പരീക്ഷണത്തിനിടെ ബുധനാഴ്ച രാത്രി വൻ സ്ഫോടനം ഉണ്ടായാതായി റിപ്പോർട്ട്. രാത്രി ഏകദേശം 11 മണിയോടെ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണ സ്ഥലത്തുവെച്ച് പത്താമത്തെ ഫ്ലൈറ്റ് ടെസ്റ്റിനുള്ള തയ്യാറെടുപ്പിനിടെയാണ് ഈ സംഭവം നടന്നത്. സ്ഫോടനത്തെ തുടർന്ന് ആകാശത്ത് വലിയ അഗ്നിഗോളം രൂപപ്പെട്ടതായാണ് റിപ്പോർട്ട്.
ടെക്സാസിന്റെ തെക്കേ അറ്റത്തുള്ള സ്പേസ് എക്സിന്റെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽ നടന്ന ഈ സംഭവത്തിൽ സ്റ്റാർഷിപ്പിന് വളരെയേറെ കേടുപാടുകൾ ഉണ്ടായെന്ന് കമ്പനി വ്യക്തമാക്കി.
“പ്രവർത്തനം നടക്കുന്നതിനിടെ സൈറ്റിന്റെ ചുറ്റും സുരക്ഷിത മേഖല ഒരുക്കിയിരുന്നു. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കപ്പെട്ടിട്ടുണ്ട്.” എന്നാണ് എക്സ് സോഷ്യൽ പ്ലാറ്റ്ഫോമിൽ പുറത്തിറക്കിയ പ്രസ്താവനയിൽ സ്പേസ് എക്സ് പറഞ്ഞത്.
സിഇഒ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനി അടുത്തുള്ള കമ്മ്യൂണിറ്റികൾക്ക് അപകടങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി. ആളുകൾ സൈറ്റിലേക്ക് സമീപിക്കാൻ ശ്രമിക്കരുതെന്നും കമ്പനി അഭ്യർത്ഥിച്ചു. ഇത്തരം പരീക്ഷണങ്ങളിൽ സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നത് അസാധാരണമല്ലെങ്കിലും, സുരക്ഷാ പ്രോട്ടോക്കോളുകൾ ശരിയായി പിന്തുടർന്നതിനാൽ ജീവഹാനിയുണ്ടാകാതെ സംഭവം അവസാനിച്ചു.
ബഹിരാകാശ യാത്രാ മേഖലയിലെ നിർണായക വികസന ഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും, ഭാവിയിലെ ദൗത്യങ്ങൾക്കായി ഈ അനുഭവങ്ങളിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്പേസ് എക്സ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.



