ടൊറന്റോ: കാനഡയുടെ അടുത്ത തലമുറ മുങ്ങിക്കപ്പലുകൾ നിർമ്മിക്കാനുള്ള കരാർ ലക്ഷ്യമിട്ട് ദക്ഷിണ കൊറിയൻ പ്രതിരോധ ഭീമനായ ഹൻവ ഓഷ്യൻ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. ഒന്റാറിയോ ആസ്ഥാനമായ അൽഗോമ സ്റ്റീലുമായി ചേർന്ന് ഏകദേശം 345 മില്യൺ ഡോളറിന്റെ ധാരണാപത്രത്തിലാണ് കമ്പനി ഒപ്പിട്ടത്. ഇതിന്റെ ഭാഗമായി ഒന്റാറിയോയിലെ സൂ സെന്റ് മേരിയിൽ പുതിയ സ്റ്റീൽ ബീം മിൽ സ്ഥാപിക്കുന്നതിനായി ഹൻവ ഓഷ്യൻ 275 മില്യൺ ഡോളർ നിക്ഷേപിക്കും. കാനഡയിലുടനീളം 15,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ സഹകരണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കെപിഎംജി (KPMG) നടത്തിയ പഠനങ്ങളെ ഉദ്ധരിച്ചാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
കാലഹരണപ്പെട്ട നാവികവ്യൂഹത്തിന് പുത്തൻ ഉണർവ്
നിലവിൽ കാനഡയുടെ പക്കലുള്ള നാല് വിക്ടോറിയ ക്ലാസ് മുങ്ങിക്കപ്പലുകളും 90-കളിൽ നിർമ്മിച്ചവയാണ്. ഇവയിൽ ഒന്നുമാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമമായിട്ടുള്ളത്. പസഫിക്, അറ്റ്ലാന്റിക്, ആർട്ടിക് സമുദ്രങ്ങളിൽ കാര്യക്ഷമമായ നിരീക്ഷണം നടത്താൻ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ലെന്ന് നാവികസേനാ മേധാവി വൈസ് അഡ്മിറൽ ആംഗസ് ടോപ്ഷി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പരിഹരിക്കാൻ 12 പുതിയ ഡീസൽ-ഇലക്ട്രിക് പട്രോൾ സബ്മറൈനുകൾ വാങ്ങാനാണ് ഫെഡറൽ ഗവൺമെന്റ് ലക്ഷ്യമിടുന്നത്. കുറഞ്ഞത് 100 ബില്യൺ ഡോളറെങ്കിലും ചിലവ് പ്രതീക്ഷിക്കുന്ന ഈ വമ്പൻ പദ്ധതിക്കായി ഹൻവ ഓഷ്യനും ജർമ്മനിയുടെ ടികെഎംഎസും (TKMS) ആണ് മത്സരരംഗത്തുള്ളത്.
തദ്ദേശീയ നിർമ്മാണത്തിന് മുൻഗണന
കരാർ ലഭിക്കുന്ന കമ്പനി കനേഡിയൻ സ്റ്റീലും പ്രാദേശിക സാങ്കേതിക വിദ്യയും ഉപയോഗിക്കണമെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിന്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ദക്ഷിണ കൊറിയൻ സംഘം ഒന്റാറിയോയിലെ പ്രമുഖ കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് കാങ് ഹൂൺ-സിക്കിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ടൊറന്റോയിലെ ചർച്ചകൾക്ക് ശേഷം ചൊവ്വാഴ്ച ഓട്ടവയിൽ കേന്ദ്ര സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. 2032-ഓടെ ആദ്യ മുങ്ങിക്കപ്പൽ കൈമാറാൻ തങ്ങൾക്ക് സാധിക്കുമെന്നാണ് ഹൻവയുടെ വാഗ്ദാനം. ജർമ്മനിയും നോർവേയും ഉൾപ്പെടുന്ന യൂറോപ്യൻ കൺസോർഷ്യവും സമാനമായ രീതിയിൽ തദ്ദേശീയ നിക്ഷേപ വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്.
south-korean-submarine-maker-signs-mou-with-algoma-steel
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



