ഹാളിഫാക്സ്: നോവ സ്കോഷ്യയിൽ അതിശക്തമായ മഞ്ഞുവീഴ്ചയെയും ശീതക്കാറ്റിനെയും തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മേഖലയിൽ തണുപ്പ് വർധിച്ചതോടെ യാത്രാ തടസ്സങ്ങളും വൈദ്യുതി തടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നോവ സ്കോഷ്യയിലെ അനാപൊളിസ്, കിംഗ്‌സ്, ഹാൻ്റ്‌സ്, കോൾചെസ്റ്റർ, കംബർലാൻഡ് കൗണ്ടികളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കാലാവസ്ഥ മോശമായതിനെ തുടർന്ന് പ്രധാന ഫെറി സർവീസുകൾ റദ്ദാക്കി. മറൈൻ അറ്റ്‌ലാൻ്റിക് ചൊവ്വാഴ്ച നടത്താനിരുന്ന പോർട്ട് ഓക്സ് ബാസ്‌ക്സ് – നോർത്ത് സിഡ്നി സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു. ബേ ഫെറീസും തങ്ങളുടെ ഫണ്ടി റോസ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, കടുത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് തിങ്കളാഴ്ച അടച്ചിട്ടിരുന്ന ഹാളിഫാക്സ് സ്റ്റാൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം ചൊവ്വാഴ്ച പുലർച്ചെയോടെ പ്രവർത്തനമാരംഭിച്ചു. എങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നും യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ മുതൽ ബുധനാഴ്ച വരെ ചിലയിടങ്ങളിൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റും കാഴ്ചപരിധി കുറയ്ക്കുന്നത് റോഡ് യാത്രക്കാരെ അപകടത്തിലാക്കിയേക്കാം. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
മോശം കാലാവസ്ഥയെത്തുടർന്ന് ന്യൂ ബ്രൺസ്‌വിക്കിൽ എണ്ണായിരത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടമായി. നോവ സ്കോഷ്യയിൽ തിങ്കളാഴ്ച രാത്രി ഉണ്ടായ വൈദ്യുതി തടസ്സങ്ങൾ പരിഹരിച്ചതായും നിലവിൽ പുതിയ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ന്യൂ ബ്രൺസ്‌വിക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ് (P.E.I.) എന്നിവിടങ്ങളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലില്ലെങ്കിലും താഴ്ന്ന താപനില തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Snow squall alerts in effect in Nova Scotia, ferry crossings cancelled



