സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (36) കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്. 2005ൽ ബ്രിട്ടനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. മിലിട്ടറി കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അപകടം. പിന്നാലെ പ്രിൻസ് അൽ വലീദിന് തലച്ചോറിൽ രക്തസ്രാവമുണ്ടായി കോമയിലായി. 20 വർഷമായി മെക്കാനിക്കൽ വെന്റിലേഷനെയും ഫീഡിഗ് ട്യൂബിനെയും ആശ്രയിച്ച് ജീവൻ രക്ഷാ ഉപകരണങ്ങളുടെ പിൻബലത്തിലാണ് രാജകുമാരൻ ജീവിച്ചത്. അപകടത്തിനുശേഷം ഒരിക്കൽ പോലും രാജകുമാരൻ കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അൽവലീദ് ബിൻ ഖാലിദ് ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. അവസാനമായി അദ്ദേഹത്തിന് ചെറിയ അനക്കം ഉണ്ടായത് 2019ലാണ്. അന്ന് അദ്ദേഹം വിരൽ അനക്കുകയും തല ചെറുതായി ചലിപ്പിക്കുകയും ചെയ്തിരുന്നു.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തുതന്നെ ഡോക്ടർമാർ രാജകുമാരനെ ലൈഫ് സപ്പോർട്ടിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പിതാവ് അൽ വലീദ് ബിൻ തലാൽ അൽ സൗദ് അതിന് സമ്മതിച്ചില്ല. പിതാവ് ഖാലിദ് ബിൻ തലാലും അമ്മ രാജകുമാരി റീമ ബിൻത് തലാലും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബം രാജകുമാരൻ ആരോഗ്യവാനായി തിരിച്ചുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ചികിത്സ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ദൈവം മകന് മരണം വിധിച്ചിരുന്നെങ്കിൽ അന്നത്തെ അപകടത്തിൽ തന്നെ ജീവൻ നഷ്ടമാകുമായിരുന്നു എന്നാണ് പിതാവ് പറഞ്ഞിരുന്നത്. അതുകൊണ്ടാണ് മകന്റെ ജീവൻ ഇത്രയും കാലം വൈദ്യസഹായത്തോടെ നിലനിർത്തിയത്.
എല്ലാം വീട്ടിലൊരുക്കി മകൻ ദൈവം വിളിക്കുമ്പോൾ പോകട്ടെയെന്ന് അൽ സൗദ് കുടുംബം നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകൾ തുറക്കാതിരിക്കുമ്പോഴും സ്നേഹ പരിചരണത്താൽ രാജകുമാരൻ എപ്പോഴും ഭംഗിയോടെ കാണപ്പെട്ടു. ലോകത്തെ വലിയ കോടീശ്വരന്മാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദ് രാജകുമാരൻറെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മകനാണ് അൽ വലീദ്. ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകിയിരുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യത്തിലുണ്ടായ സംഭവവികാസങ്ങൾ ദശലക്ഷക്കണക്കിന് ആളുകളിൽ അനുകമ്പയും കൗതുകവും ജിജ്ഞാസയും സൃഷ്ടിച്ചിരുന്നു. ഈ കാലയളവിലെല്ലാം, അദ്ദേഹത്തിന്റെ പിതാവ് ഖാലിദ് ബിൻ തലാൽ തന്റെ മകന്റെ അവസ്ഥ മെച്ചപ്പെടുമെന്നും തിരികെ വരുമെന്നും ഉറച്ച പ്രത്യാശ പ്രകടിപ്പിച്ചിരുന്നു ആ പിതാവിന്റെ പ്രതീക്ഷകളെല്ലാം ബാക്കിയാക്കിയാണ് മകൻ വിടവാങ്ങിയത്.
Sleeping prince passes after decades in coma



