ടൊറന്റോ നഗരത്തിലെ പാർപ്പിട പ്രശ്നത്തിന് പരിഹാരമായി, നഗരമധ്യം മുതൽ പ്രാന്ത പ്രദേശങ്ങൾ വരെയുള്ള എല്ലാ പ്രദേശങ്ങളിലും ഫൈവ്പ്ലെക്സുകളും സിക്സ്പ്ലെക്സുകളും അനുവദിക്കാനുള്ള ശുപാർശ നഗര ആസൂത്രണ സമിതി അംഗീകരിച്ചു. വ്യാഴാഴ്ച നടന്ന യോഗത്തിൽ, താഴ്ന്ന പ്രദേശങ്ങളിലെ ഡിറ്റാച്ഡ് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അഞ്ചും ആറും താമസ സ്ഥലങ്ങളുള്ള മൾട്ടിപ്ലെക്സുകൾ അനുവദിക്കാനുള്ള നഗര ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ സമിതി അംഗീകരിച്ചു.
‘സൗമ്യ സാന്ദ്രത’ എന്ന ആശയത്തിലൂടെ ടൊറന്റോയുടെ പാർപ്പിട മേഖലകളിൽ വൈവിധ്യം കൊണ്ടുവരാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. പാർക്ക്ഡെയ്ൽ ഹൈ പാർക്കിനെ പ്രതിനിധീകരിക്കുന്ന കൗൺസിലർ ഗോർഡ് പെർക്സ് വിശദീകരിച്ചത് അനുസരിച്ച്, ടൊറന്റോയിലെ ഭൂരിഭാഗം പാർപ്പിട സ്റ്റോക്കും ഒന്നുകിൽ സിംഗിൾ-ഫാമിലി ഭവനങ്ങളോ അപ്പാർട്ട്മെന്റ്, കോണ്ടോ യൂണിറ്റുകളോ ആണ്. ഇതിനിടയിലുള്ള മധ്യനിര പാർപ്പിട തരങ്ങൾ വർധിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇത് യുവ കുടുംബങ്ങൾക്കും ആദ്യമായി അപ്പാർട്ട്മെന്റ് വാങ്ങാൻ നോക്കുന്നവർക്കും വലിയ വീട് പരിപാലിക്കാൻ ബുദ്ധിമുട്ടുള്ള മുതിർന്നവർക്കും സഹായകരമായിരിക്കും.
കമ്മിറ്റി യോഗത്തിൽ ധാരാളം ടൊറന്റോ നിവാസികൾ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിച്ചു. പലരും മാറ്റങ്ങളെ അനുകൂലിച്ചെങ്കിലും, ചിലർ പെട്ടന്നുള്ള ഈ മാറ്റങ്ങൾക്ക് എതിർപ്പ് രേഖപ്പെടുത്തി. സിക്സ്പ്ലെക്സുകൾ സെമി-ഡിറ്റാച്ഡ് വീടുകളിലോ ടൗൺഹൗസുകളിലോ അനുവദിക്കില്ലെന്നും വ്യക്തമാക്കി. മൾട്ടിപ്ലെക്സ് കെട്ടിടങ്ങളുടെ പരമാവധി ഉയരം 10 മീറ്ററിൽ നിന്ന് 10.5 മീറ്ററായി വർധിപ്പിക്കാനുള്ള ശുപാർശയും സമിതി അംഗീകരിച്ചു.
ഫെഡറൽ ഹൗസിങ് ആക്സിലറേറ്റർ ഫണ്ടിന് കീഴിലുള്ള ടൊറന്റോയുടെ പ്രതിബദ്ധതകൾ നിറവേറ്റുന്നതിൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന് ചീഫ് പ്ലാനർ ജേസൺ തോൺ അഭിപ്രായപ്പെട്ടു. എന്നാൽ, ഈ മാറ്റങ്ങളെ എതിർക്കുന്നവർ പാർക്കിംഗ്, സ്വകാര്യത, വെള്ളപ്പൊക്കം, സ്കൂൾ പ്രവേശന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ജൂൺ 25-ന് ആരംഭിക്കുന്ന കൗൺസിൽ യോഗത്തിൽ ഈ നിർദ്ദേശം പരിഗണിക്കപ്പെടും.



