നഗരവ്യാപകമായി സിക്സ്പ്ലെക്സ് കെട്ടിടങ്ങൾ അനുവദിക്കാനുള്ള നിർദേശം ടൊറോണ്ടോ നഗരസഭ അംഗീകരിക്കാത്തതിനെത്തുടർന്ന്, നഗരത്തിന് ഫെഡറൽ ഭവന ഫണ്ടിൽ നിന്ന് ഏകദേശം 30 മില്യൺ ഡോളർ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ഒട്ടാവയുമായി നടത്തിയ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നായിരുന്നു സിക്സ്പ്ലെക്സ് കെട്ടിടങ്ങൾക്ക് നഗരവ്യാപകമായി അനുമതി നൽകുക എന്നത്. ഈ തീരുമാനം നഗരത്തിന്റെ ഭവന പദ്ധതികൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ, നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും സിക്സ്പ്ലെക്സുകൾ അനുവദിക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നെങ്കിലും, ഒടുവിൽ ഫോർപ്ലെക്സ് കെട്ടിടങ്ങൾക്ക് മാത്രമാണ് നഗരവ്യാപകമായി അനുമതി നൽകാൻ തീരുമാനിച്ചത്. നിലവിൽ, ടൊറോണ്ടോ-ഈസ്റ്റ് യോർക്ക് ജില്ലയിലെ 8 വാർഡുകളിലും, വാർഡ് 23 (സ്കാർബറോ നോർത്ത്) ലും സിക്സ്പ്ലെക്സ് നിർമ്മാണം ഒരു പൈലറ്റ് പദ്ധതിയായി തുടരാൻ മാത്രമാണ് അനുമതിയുള്ളത്.
സിക്സ്പ്ലെക്സുകൾക്ക് നഗരവ്യാപകമായി അനുമതി നൽകിയില്ലെങ്കിൽ, ഹൗസിംഗ് ആക്സിലറേറ്റർ ഫണ്ടിന്റെ 25% അതായത് ഏകദേശം 30 മില്യൺ ഡോളർ വെട്ടിക്കുറയ്ക്കുമെന്ന്
2024-ൽ, മുൻ ഭവന മന്ത്രി നേറ്റ് എർസ്കിൻ-സ്മിത്ത് മേയർ ഒലിവിയ ചൗവിന് മുന്നറിയിപ്പ് നൽകിയിരുന്നു.
കാനഡയുടെ ഇപ്പോഴത്തെ ഭവന മന്ത്രി ഗ്രെഗർ റോബർട്‌സൺ മുൻ മന്ത്രിയുടെ കർശന നയം തുടരുമോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോയിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപിക അലിസൺ സ്മിത്ത് ഫണ്ട് തടയുന്നത് ശിക്ഷാ നടപടിയാകരുതെന്നും, നഗരങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഫെഡറൽ സർക്കാർ ഒരുക്കുകയാണ് നല്ലതെന്നും അഭിപ്രായപ്പെട്ടു. ജൂൺ 25-ലെ കൗൺസിൽ യോഗത്തിൽ സിക്സ്പ്ലെക്സ് അനുവദിക്കുന്നതിനെ പിന്തുണച്ച കൗൺസിലർ ഗോർഡ് പർക്സ്, ഭൂരിപക്ഷത്തിന്റെ പിന്തുണ നേടാൻ കഴിഞ്ഞില്ലെന്ന് നിരാശയോടെ വ്യക്തമാക്കി.
ഈ തീരുമാനം എങ്ങനെ പ്രതിഫലിക്കും, ഫെഡറൽ ഫണ്ട് നഷ്ടമാകുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.



