എഡ്മണ്ടൺ: കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യവുമായി ആൽബർട്ടയിൽ ജനകീയ നീക്കം ശക്തമാകുന്നു. പ്രവിശ്യയിൽ റഫറണ്ടം നടത്തണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ഒപ്പുശേഖരണ പരിപാടികളിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം എഡ്മണ്ടണിന് സമീപമുള്ള സ്റ്റോണി പ്ലെയ്ൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ഫെഡറൽ സർക്കാരിന്റെ സാമ്പത്തിക നയങ്ങളോടുള്ള കടുത്ത വിയോജിപ്പാണ് ഈ വേർപിരിയൽ വാദത്തിന് പിന്നിൽ. ആൽബർട്ടയുടെ വരുമാനം മറ്റ് പ്രവിശ്യകൾക്കായി വിനിയോഗിക്കുന്ന ‘ഫെഡറൽ ഇക്വലൈസേഷൻ’ പദ്ധതിക്കെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. പ്രവിശ്യയുടെ വിഭവങ്ങളും വരുമാനവും സ്വന്തം വളർച്ചയ്ക്കായി ഉപയോഗിക്കണമെന്നും ഒട്ടാവയിലെ സർക്കാർ ആൽബർട്ടയുടെ ആവശ്യങ്ങൾ അവഗണിക്കുകയാണെന്നും ഒപ്പുശേഖരണത്തിന് എത്തിയവർ ആരോപിച്ചു.
‘സ്റ്റേ ഫ്രീ ആൽബർട്ട’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ ക്യാമ്പെയ്ൻ നടക്കുന്നത്. ഫെഡറൽ സർക്കാരിന്റെ ആയുധ-കന്നുകാലി നയങ്ങൾ, ജാമ്യ നിയമങ്ങൾ എന്നിവയോടുള്ള എതിർപ്പും പുതിയ രാഷ്ട്രീയ നീക്കത്തിന് കാരണമായിട്ടുണ്ട്. നിലവിലെ കനേഡിയൻ മൂല്യങ്ങൾ പ്രവിശ്യയുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും, കോവിഡ് കാലത്തെ കടുത്ത നിയന്ത്രണങ്ങൾ ജനങ്ങളിൽ വലിയ നിരാശ ഉണ്ടാക്കിയെന്നും സംഘാടകർ ചൂണ്ടിക്കാട്ടുന്നു.
മൂന്നാഴ്ച മുൻപാണ് ഒപ്പുശേഖരണത്തിന് ആൽബർട്ടയിലെ ചീഫ് ഇലക്ടറൽ ഓഫീസർ ഔദ്യോഗിക അനുമതി നൽകിയത്. മെയ് മാസത്തിനുള്ളിൽ ഏകദേശം 1.78 ലക്ഷം ഒപ്പുകൾ ശേഖരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. നിലവിലെ ജനപിന്തുണ തുടർന്നാൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ലക്ഷ്യം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളിൽ പ്രവിശ്യയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് ഒപ്പുശേഖരണ പരിപാടികൾ വ്യാപിപ്പിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
The goal is an independent country; Signature collection in Alberta demanding separation



