ശുഭാംശു ശുക്ല ഉൾപ്പെട്ട സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി. ഡ്രാഗൺ ഗ്രേസ് എന്ന പേടകം അൺഡോക്കിങ് പൂർത്തിയാക്കി നിലയത്തിൽനിന്നു വേർപെട്ടു. ശുഭാംശു ഉൾപ്പെടെ നാലുപേരും പേടകത്തിന് അകത്തുകയറി 2.37ന് ഹാച്ച് ക്ലോഷ്വർ പൂർത്തിയായിരുന്നു. നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു മൂന്നിനു കലിഫോർണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും (സ്പ്ലാഷ് ഡൗൺ). സ്‌പേസ് എക്‌സ് ഡ്രാഗൺ ക്രൂ മോഡ്യൂൾ ഇരുപത്തിരണ്ടര മണിക്കൂർ യാത്ര ചെയ്ത ശേഷമാണ് പസഫിക് സമുദ്രത്തിൽ ഇറങ്ങുക. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി 18 ദിവസങ്ങൾക്കുശേഷമാണ് മടങ്ങിവരവ്. തുടർന്ന് യാത്രികരെ സ്പേസ്എക്സ് കപ്പലിലേറ്റി തീരത്തേക്കു കൊണ്ടുപോകും. ഭൂമിയിലെത്തിയതിന് ശേഷം 7 ദിവസത്തെ പുനരധിവാസ പരിപാടിക്ക് വിധേയരായതിന് ശേഷമായിരിക്കും ഇവരെ വീട്ടിലേക്ക് മടക്കി അയക്കുക. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ തന്നെ ഇവർക്ക് ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഇത് കണക്കിലെടുത്താണ് 7 ദിവസത്തെ പുനരധിവാസ പരിപാടിക്ക് വിധേയരാക്കുന്നത്.
കാലാവസ്ഥയിൽ മാറ്റമുണ്ടായാൽ പേടകം കടലിലേക്ക് പതിക്കുന്ന സ്‌പ്ലാഷ് ഡൗണിൻറെ സമയക്രമത്തിൽ ഏകദേശം ഒരു മണിക്കൂർ വരെ മാറ്റം വന്നേക്കാമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് നേരത്തെ അറിയിച്ചിരുന്നു. ശുഭാംശു ശുക്ലക്കൊപ്പം നാസയുടെ മുതിർന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സൺ, ഹംഗറി സ്വദേശി ടിബോർ കാപു, പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്‌നാൻസ്‌കി എന്നിവരാണ് ദൗത്യത്തിൻറെ ഭാഗമായത്. ആക്സിയം 4 ദൗത്യത്തിന്റെ അൺഡോക്കിങ് നാസയും ആക്സിയം സ്പേസ് കമ്പനിയും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
ജൂൺ 25 നാണ് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് ആക്‌സിയം-4 ദൗത്യം മിഷൻ ആരംഭിച്ചത്. 28 മണിക്കൂർ യാത്രക്ക് ശേഷം ജൂൺ 26 നാണ് ഡ്രാഗൺ ബഹിരാകാശ പേടകം അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്‌തത്. ബഹിരാകാശ നിലയത്തിൽ ശുക്ലയും സംഘവും 230 സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 60 പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശ നിലയത്തിൽ നടത്തിയത്.



