വടക്കൻ ഒൻ്റാറിയോയിലെ ട്രേഡ്സ് അപ്രൻ്റീസുകൾ റെഡ് സീൽ പരീക്ഷയെഴുതുന്നതിനായി ദീർഘകാലം കാത്തിരിക്കുകയോ അല്ലെങ്കിൽ തെക്കൻ മേഖലയിലേക്ക് യാത്ര ചെയ്യുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. നിരവധി തൊഴിലവസരങ്ങൾ ഈ മേഖലയിലുണ്ടെങ്കിലും, പരീക്ഷാ കേന്ദ്രങ്ങളുടെ കുറവ് വിദ്യാർത്ഥികൾക്ക് വലിയ തടസ്സമായി മാറുകയാണ്. നിലവിൽ, വടക്കൻ ഒൻ്റാറിയോയിൽ തണ്ടർ ബേയിലും സഡ്ബറിയിലും മാത്രമാണ് റെഡ് സീൽ പരീക്ഷാ കേന്ദ്രങ്ങളുള്ളത്. എന്നാൽ, സഡ്ബറിയിലെ അപ്രൻ്റീസുകൾക്ക് പോലും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതിനാൽ മിസ്സിസാഗയിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു.
റഷ് ട്രക്ക് സെൻ്റേഴ്സിൻ്റെ റീജിയണൽ സർവീസ് മാനേജരായ ഡീൻ ലട്രൽ, പരീക്ഷാ കേന്ദ്രങ്ങളുടെ അപര്യാപ്തത വലിയ തടസ്സമാണെന്ന് അഭിപ്രായപ്പെട്ടു. “ടിമ്മിൻസിലുള്ള എൻ്റെ ചില അപ്രൻ്റീസുകൾ നിരാശയിലാണ്. അപ്രൻ്റീസ്ഷിപ്പിൻ്റെ അവസാനഘട്ടമായ ഈ പരീക്ഷ ജയിക്കാൻ അവർക്ക് സാധിക്കില്ലെങ്കിൽ ഒരുപക്ഷേ അവർ ഈ ജോലി ഉപേക്ഷിച്ചെന്നും വരും,” ലട്രൽ പറഞ്ഞു.
അപ്രൻ്റീസുകൾക്ക് സർട്ടിഫൈഡ് ട്രേഡ്സ് തൊഴിലാളികളാകാനും മുഴുവൻ ശമ്പളം നേടാനും റെഡ് സീൽ പരീക്ഷ അത്യാവശ്യമാണ്. ലെവൽ 3 മെക്കാനിക് അപ്രൻ്റീസായ ഗുർബാഗ് സിംഗ്, പരീക്ഷയെഴുതാൻ തെക്കൻ ഒൻ്റാറിയോയിലേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. തനിക്കും ഇതേ അവസ്ഥയാണെന്ന് മറ്റൊരു അപ്രൻ്റീസായ ലൂക്ക് ചാർട്രാൻഡും പ്രതികരിച്ചു. “ഇതൊരു പരീക്ഷയെക്കാൾ വലിയ ബുദ്ധിമുട്ടായി തോന്നുന്നു. പരീക്ഷ എഴുതുന്നതിനായി ഞാൻ ജോലിയിൽ നിന്ന് അവധിയെടുക്കുകയും അധിക പണം ചെലവഴിക്കുകയും ചെയ്യേണ്ടി വരുന്നു,” ചാർട്രാൻഡ് പറഞ്ഞു.
വടക്കൻ ഒൻ്റാറിയോയിൽ കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സഡ്ബറി എംപിപി ജാമി വെസ്റ്റ് ഊന്നിപ്പറഞ്ഞു. “തെക്കൻ ഒൻ്റാറിയോയിലേക്ക് ആളുകൾ വരുമെന്ന് നമ്മുക്ക് എപ്പോഴും പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് കിർക്ക്ലാൻഡ് ലേക്ക്, സൗത്ത് പോർക്കുപൈൻ, സൂ സെൻ്റ് മാരി തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ആവശ്യമാണ്. ആളുകൾ താമസിക്കുന്ന സ്ഥലങ്ങൾക്ക് സമീപം പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണെങ്കിൽ കൂടുതൽ പേർ ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരും,” വെസ്റ്റ് പറഞ്ഞു.
ഈ വിഷയത്തിൽ പ്രതികരണം തേടി സ്കിൽഡ് ട്രേഡ്സ് ഒൻ്റാറിയോ, തൊഴിൽ, ഇമിഗ്രേഷൻ, പരിശീലന മന്ത്രാലയം എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല. ഈ പ്രശ്നത്തിന് പരിഹാരമായി മൊബൈൽ ടെസ്റ്റിംഗ് സെൻ്ററുകൾ ആരംഭിക്കുക എന്ന ആശയം ജാമി വെസ്റ്റ് മുന്നോട്ട് വെക്കുന്നു. ആവശ്യക്കാരുള്ള ചെറിയ കമ്മ്യൂണിറ്റികളിലേക്ക് മൊബൈൽ ടെസ്റ്റിംഗ് സെൻ്ററുകൾ എത്തിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



