തദ്ദേശീയരായ ആളുകളുടെ മുടിയുടെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ നയം കാനഡയിലെ സാസ്കച്ചെവാൻ ഹെൽത്ത് അതോറിറ്റി (SHA) അവതരിപ്പിച്ചു. 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ നയം, ചികിത്സയുടെ ഭാഗമായി രോഗിയുടെ മുടി മുറിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ആരോഗ്യപ്രവർത്തകർക്ക് വ്യക്തമാക്കുന്നു. രോഗിയുടെ സമ്മതമില്ലാതെ മുടി മുറിക്കരുതെന്നും, മുറിച്ച മുടി മാന്യമായി കൈകാര്യം ചെയ്ത് രോഗിക്ക് തിരികെ നൽകണമെന്നും പുതിയ നയത്തിൽ കർശനമായി പറയുന്നുണ്ട്.
തലയിലുണ്ടാകുന്ന മുറിവുകളോ ശസ്ത്രക്രിയകളോ പോലുള്ള വളരെ അത്യാവശ്യമായ വൈദ്യകാരണങ്ങൾക്കൊഴികെ മുടി മുറിക്കുന്നത് ഒരു ചികിത്സയായി കണക്കാക്കാനാവില്ലെന്നും നയം വ്യക്തമാക്കുന്നു. തദ്ദേശീയരായ ആളുകളുടെ വ്യക്തിത്വത്തിന്റെയും ആത്മീയതയുടെയും പ്രതീകമാണ് മുടി. ഒരു വ്യക്തിക്ക് സമൂഹവുമായും സ്വയം ബന്ധപ്പെടാനുള്ള ഊർജ്ജം മുടി നൽകുന്നുണ്ടെന്നാണ് അവർ വിശ്വസിക്കുന്നത്.
പുതിയ നയം SHA ജീവനക്കാർക്ക് അയച്ച വാർത്താക്കുറിപ്പിൽ, ഇത് ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കോൾസ് ടു ആക്ഷനോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു. ഈ നയം പാലിക്കാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സാംസ്കാരിക വിഷയങ്ങളിൽ അവബോധമില്ലാത്തതിനെ തുടർന്ന് മുൻപ് പല രോഗികൾക്കും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2024-ൽ സാസ്കാട്ടൂണിലെ റോയൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന റൂബൻ സെന്റ് ചാൾസ് എന്ന മെറ്റിസ് വംശജന്റെ മുടി സമ്മതമില്ലാതെ മുറിച്ചത് വലിയ വിവാദമായിരുന്നു. ഈ സംഭവം പുതിയ നയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് വിലയിരുത്തപ്പെടുന്നു.
ഈ നയം വളരെ നല്ലൊരു തുടക്കമാണെന്ന് കനേഡിയൻ മെറ്റിസ് നേഷൻ മുൻ പേഷ്യന്റ് അഡ്വക്കേറ്റ് ബോണി മാർവുഡ് അഭിപ്രായപ്പെട്ടു. എന്നാൽ, ഇങ്ങനെയൊരു നയം കൊണ്ടുവരാൻ ഇത്രയധികം കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. പുതിയ നയം തദ്ദേശീയരുടെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും, സിഖുകാരെപ്പോലെ മുടിക്ക് പ്രാധാന്യം നൽകുന്ന മറ്റ് സമൂഹങ്ങൾക്കും ഇത് ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
SHA to protect indigenous traditions; no hair cutting without consent; significant new policy



