ഞായറാഴ്ച വൈകുന്നേരം കാനഡയിലെ കാൽഗറി നഗരത്തിൽ അതിശക്തമായ കൊടുങ്കാറ്റാണ് ആഞ്ഞുവീശിയത്. ശക്തമായ കാറ്റും, വലിയ രീതിയിലുള്ള ആലിപ്പഴവും, കനത്ത മഴയും ഈ കൊടുങ്കാറ്റിനൊപ്പം ഉണ്ടായിരുന്നത് വലിയ തോതിൽ ആളുകളിൽ ഭീതിയുണർത്തി. ഉച്ചയ്ക്ക് ശേഷം മലയോര മേഖലയുടെ കിഴക്ക് ഭാഗത്താണ് ഈ കൊടുങ്കാറ്റ് രൂപപ്പെട്ടത്. പിന്നീട് കാൽഗറി നഗരത്തിലൂടെ തെക്ക് കിഴക്കൻ ദിശയിലേക്ക് അത് നീങ്ങുകയായിരുന്നു.

ഗോൾഫ് ബോളിന്റെ വലുപ്പമുള്ള ആലിപ്പഴത്തിനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകിയിരുന്നു. നഗരത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ് കൊടുങ്കാറ്റ് കൂടുതൽ നാശം വിതച്ചത്. കഴിഞ്ഞ ഓഗസ്റ്റിലും സമാനമായ ഒരു ആലിപ്പഴ വർഷം കാൽഗറിയിൽ ഉണ്ടായിരുന്നു.
അത് ഏകദേശം 3.25 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് വരുത്തിയത്. കനേഡിയൻ ചരിത്രത്തിലെ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തമായിരുന്നു അത്. ഈ കൊടുങ്കാറ്റും കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഈ കൊടുങ്കാറ്റ് കാൽഗറിയിലെ ജനജീവിതത്തെ കാര്യമായി തന്നെ ബാധിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.



