എഡ്മന്റൺ: ആൽബർട്ട പ്രവിശ്യയിൽ 2025-ൽ ജനിച്ച കുഞ്ഞുങ്ങൾക്ക് നൽകിയ പേരുകളിൽ ഒലിവിയയും (Olivia) നോഹയും (Noah) ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെട്ടതായി സർവീസ് ആൽബർട്ട. ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, തുടർച്ചയായ 13-ാം വർഷമാണ് പെൺകുട്ടികളിൽ ഒലിവിയ ഒന്നാം സ്ഥാനത്തെത്തുന്നത്. ആൺകുട്ടികളിൽ നോഹ ഏഴാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷം 173 പെൺകുഞ്ഞുങ്ങൾക്ക് ഒലിവിയ എന്നും 259 ആൺകുഞ്ഞുങ്ങൾക്ക് നോഹ എന്നും പേരിട്ടു.
പെൺകുട്ടികളുടെ പേരുകളിൽ അമീലിയ (161), എമ്മ (150), സോഫി (150) എന്നിവയാണ് യഥാക്രമം അടുത്ത സ്ഥാനങ്ങളിൽ. ഒരു ദശാബ്ദത്തിലേറെയായി ആദ്യ പത്തു പേരുകളിൽ ഇടംപിടിച്ചിരുന്ന ‘ആവ’ ഇത്തവണ പട്ടികയിൽ നിന്ന് പുറത്തായി 22-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, ‘എലിയാന’ എട്ടാം സ്ഥാനത്തെത്തി ആദ്യമായി ആദ്യ പത്തിൽ ഇടംനേടി. ആൺകുട്ടികളുടെ പട്ടികയിൽ തിയഡോർ (204) നാലാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതാണ് ശ്രദ്ധേയമായ മാറ്റം. ഒലിവർ (184), ഹെൻറി (180), ജാക്ക് (153) എന്നിവരാണ് ആദ്യത്തെ അഞ്ചു പേരുകളിൽ പെട്ടവർ.
2025-ൽ ആൽബർട്ടയിൽ ആകെ 52,000 കുഞ്ഞുങ്ങൾ ജനിച്ചതായും 14,581 വ്യത്യസ്ത പേരുകൾ രജിസ്റ്റർ ചെയ്തതായും സർക്കാർ വ്യക്തമാക്കി. ഓരോ പേരിലും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സമൂഹത്തിന്റെ ഭാവിയും അടങ്ങിയിട്ടുണ്ടെന്ന് സർവീസ് ആൽബർട്ട മന്ത്രി ഡെയിൽ നാളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1980 മുതലുള്ള കുഞ്ഞുപേരുകളുടെ വിശദവിവരങ്ങൾ സർക്കാർ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Olivia has been the star for 13 years; Service Alberta reveals popular names in Alberta



