ഒന്റാരിയോ: ഒന്റാരിയോയിലെ സഡ്ബറിയിലുള്ള എക്സ്റ്റൻഡികെയർ കൺട്രിസൈഡ് എന്ന ദീർഘകാല പരിചരണ കേന്ദ്രത്തിന് കഴിഞ്ഞ ആറു മാസമായി പുതിയ അന്തേവാസികളെ പ്രവേശിപ്പിക്കാൻ സാധിക്കുന്നില്ല. 2024 ഡിസംബർ 16-ന് പ്രവിശ്യാ ഭരണകൂടം പുറപ്പെടുവിച്ച ‘പ്രവേശനം നിർത്തിവെക്കാനുള്ള ഉത്തരവ്’ (Cease Admissions Order) നിലനിൽക്കുന്നതാണ് ഇതിന് കാരണം. അന്തേവാസികളുടെ കുടുംബങ്ങളിൽ നിന്ന് ലഭിച്ച നിരവധി പരാതികളെയും ഒന്റാരിയോയുടെ ‘ഫിക്സിംഗ് ലോംഗ്-ടേം കെയർ ആക്ട്’ പ്രകാരം കണ്ടെത്തിയ ആറ് ചട്ടലംഘനങ്ങളെയും തുടർന്നായിരുന്നു ഈ ഉത്തരവ്.
ആദ്യഘട്ടത്തിൽ പുറപ്പെടുവിച്ച ഉത്തരവുകൾ പിന്നീട് പിൻവലിച്ചെങ്കിലും, തുടർന്നു നടന്ന പരിശോധനകളിൽ ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി കണ്ടെത്തി. ചർമത്തിലെ മുറിവുകളിൽ വേണ്ട രീതിയിലുള്ള പരിചരണം ഇല്ലായ്മ, കൃത്യമായ രേഖകളുടെ അഭാവം, അന്തേവാസികളുടെ ആവശ്യങ്ങളോട് ജീവനക്കാർ പ്രതികരിക്കാതിരിക്കുക, വൃത്തിയില്ലാത്ത ഡൈനിംഗ് ഏരിയകൾ എന്നിവ ഇതിൽപ്പെടുന്നു. 2025 മെയ് മാസത്തിൽ നടന്ന ഏറ്റവും പുതിയ പരിശോധനയിൽ അഞ്ച് പുതിയ ചട്ടലംഘനങ്ങൾ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രശ്നങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും, പുരോഗതിയുണ്ടെന്നും ലഭിക്കുന്ന ഫീഡ്ബാക്കുകൾ സാധാരണ നിരീക്ഷണത്തിന്റെ ഭാഗമാണെന്നും എക്സ്റ്റൻഡികെയർ അധികൃതർ പറയുന്നു. എന്നാൽ, കുടുംബങ്ങളും പ്രാദേശിക എം.പി.പിമാരായ ജാമി വെസ്റ്റും ഫ്രാൻസ് ജെലിനാസും പൂർണ്ണമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുണ്ട്. മന്ത്രാലയം സ്ഥിരമായ പരിശോധനകളിലൂടെയും ഇടപെടലുകളിലൂടെയും സ്ഥാപനത്തെ സജീവമായി നിരീക്ഷിച്ചുവരികയാണെന്ന് ലോംഗ്-ടേം കെയർ മന്ത്രാലയം അറിയിച്ചു.



