നോവ സ്കോഷ്യയിലെ പിക്ടോ കൗണ്ടിയിൽ കാണാതായ രണ്ട് കുട്ടികൾക്കായുള്ള തിരച്ചിൽ ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. 6 വയസ്സുള്ള ലിലി സള്ളിവനും 4 വയസ്സുള്ള ജാക്ക് സള്ളിവനും മെയ് 2 വെള്ളിയാഴ്ച രാവിലെ ലാൻസ്ഡൗൺ സ്റ്റേഷനിലെ ഗെയർലോച് റോഡിലുള്ള അവരുടെ വീട്ടിൽ നിന്ന് നഷ്ടമായതായാണ് റിപ്പോർട്ട്. ന്യൂ ഗ്ലാസ്ഗോയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള ഗ്രാമീണ പ്രദേശമാണിത്. കുട്ടികൾ അവരുടെ ഇഷ്ടത്തിന് വീടുവിട്ട് പുറത്ത് പോയതായിരിക്കും എന്നാണ് ഇപ്പോഴത്തെ പൊലീസ് നിഗമനം.
160ലധികം ഉദ്യോഗസ്ഥർ പ്രതികൂല കാലാവസ്ഥയിലും തിരച്ചിൽ തുടരുന്നതായി ആർസിഎംപി സ്റ്റാഫ് സാർജന്റ് കർട്ടിസ് മാക്കിന്നൻ അറിയിച്ചു. നോവ സ്കോഷ്യാ പ്രീമിയർ ടിം ഹൂസ്റ്റൺ പിക്ടോ കൗണ്ടിയിലെ താമസക്കാരനാണ്. അദ്ദേഹം തിരച്ചിൽ നടക്കുന്ന സ്ഥലത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തുകയും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു. The Globe and Mail അടിയന്തിര സേവനത്തിനായി കഴിഞ്ഞ വർഷം ആരംഭിച്ച നോവ സ്കോഷ്യ ഗാർഡിന്റെ ആദ്യ ദൗത്യമാണിത്. 2023 വേനൽക്കാലത്തെ മാരകമായ വെള്ളപ്പൊക്കത്തിനു ശേഷമാണ് ഈ സന്നദ്ധ അടിയന്തിര സംഘടന ആരംഭിച്ചത്. ആ ദുരന്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർ മരിച്ചിരുന്നു.
ആർസിഎംപി കൂടുതൽ സജീവമായി പ്രവർത്തിക്കണമെന്ന് കുട്ടികളുടെ അച്ഛനായ ഡാനിയൽ മാർട്ടെൽ ആവശ്യപ്പെട്ടു. ന്യൂ ബ്രൺസ്വിക്ക് അതിർത്തിയിലൂടെയും അടുത്തുള്ള വിമാനത്താവളങ്ങളിലൂടെയും കുട്ടികൾ കടന്നു പോയിട്ടുണ്ടാകാമെന്നതിനാൽ അവിടെയെല്ലാം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തിര ജാഗ്രതാ അറിയിപ്പായ ആംബർ അലേർട്ട് (Amber Alert) പുറപ്പെടുവിക്കണമെന്ന് കുട്ടികളുടെ അമ്മയായ മലേഹ്യ ബ്രൂക്സ്-മറേ സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സംഭവത്തിന് ആംബർ അലർട്ട് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് ആർസിഎംപി കോർപ്പറൽ റൈസ് അറിയിച്ചു.
കാണാതായ ലിലി സള്ളിവന് ഇളം ബ്രൗൺ നിറമുള്ള മുടിയാണ്. അവൾ പിങ്ക് സ്വെറ്റർ, പിങ്ക് പാന്റ്സ്, പിങ്ക് ബൂട്ട്സ് എന്നിവയാണ് ധരിച്ചിട്ടുള്ളത്. ജാക്ക് സള്ളിവന് ചെറിയ നീളത്തിലുള്ള ഇളം സ്വർണ്ണനിറമുള്ള മുടിയാണുള്ളത്. അവൻ നീല ഡയനോസർ ബൂട്ട്സ് ആണ് ധരിച്ചിരിക്കുന്നത്. ലിലി, ജാക്ക് എന്നിവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉള്ളവർ പിക്ടോ കൗണ്ടി ഡിസ്ട്രിക്ട് ആർസിഎംപി 902-485-4333 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.



