ചിക്കമഗളൂരു: ചിക്കമഗളൂരു ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നും കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയ്ക്കായുള്ള (15) തിരച്ചിൽ നാലാം ദിവസവും തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിലധികം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ നൂറംഗ പ്രത്യേക ദൗത്യസംഘത്തെയാണ് (STF) അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് 40 അംഗ വിനോദസഞ്ചാര സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതായത്. ചെങ്കുത്തായ മലയിടുക്കുകളും കൊക്കകളും കേന്ദ്രീകരിച്ച് തെർമൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്.
അന്വേഷണം നീളുന്നതിനിടെ തന്റെ മകളെ ആരെങ്കിലും ലഹരി നൽകി തട്ടിക്കൊണ്ടുപോയതാകാമെന്ന ഗുരുതരമായ സംശയം ശ്രീനന്ദയുടെ അമ്മ രേണുക പ്രകടിപ്പിച്ചു. വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് മകളെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന് ഭയപ്പെടുന്നതായും അവളെ കണ്ടെത്താൻ എല്ലാവരും സഹായിക്കണമെന്നും അവർ കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തിൽ, വിനോദസഞ്ചാര കേന്ദ്രത്തിൽ അന്ന് വന്നുപോയവരുടെ വിവരങ്ങളും കുട്ടിയെ ആരെങ്കിലും ലക്ഷ്യം വെച്ചിരുന്നോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിച്ചു വരികയാണ്.
കർണാടക വനവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രേയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം പോലീസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവർ സംയുക്തമായാണ് തിരച്ചിൽ ഏകോപിപ്പിക്കുന്നത്. വെള്ളച്ചാട്ടത്തിന് സമീപത്തെ അപകടസാധ്യതയുള്ള പാറക്കെട്ടുകൾക്ക് പുറമെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. രാത്രി വൈകിയും തെർമൽ ക്യാമറകൾ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പ്രതികൂലമായ ഭൂപ്രകൃതി തിരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. നിലവിൽ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ട് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് അധികൃതർ.
Search for Sreenanda enters fourth day; Mother says daughter may have been kidnapped
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



