ഗെയ്ർലോച്ച് റോഡിലുള്ള വീട്ടിൽ നിന്ന് കാണാതായ സഹാേദരങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഒരു മാസമായി തുടരുന്നു. ആറ് വയസ്സുള്ള ലില്ലിയ്ക്കും നാല് വയസ്സുള്ള ജാക്ക് സള്ളിവനും വേണ്ടിയുള്ള തിരച്ചിൽ ഈ വാരാന്ത്യത്തിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. ലാൻസ്ഡൗൺ സ്റ്റേഷനിലെ കുട്ടികളുടെ വീടിനടുത്തുള്ള പ്രാരംഭ തിരച്ചിൽ പ്രദേശത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പുതിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ വാരാന്ത്യത്തിൽ രക്ഷാപ്രവർത്തകർ പ്രദേശത്ത് നിന്ന് ഒരു ബൂട്ട് പ്രിന്റ് കണ്ടെത്തിയിരുന്നു. ആ പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടത്താനാണ് തീരുമാനം. ശനിയാഴ്ച വിവിധ രക്ഷാപ്രവർത്തന സംഘങ്ങളിൽ നിന്നുള്ള ഏകദേശം 75 സന്നദ്ധപ്രവർത്തകരും മൂന്ന് ഡ്രോണുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
മെയ് 2 ന് രാവിലെ 10 മണിയോടെയാണ് കുട്ടികളെ കാണാതായത്. കുട്ടികളുടെ അമ്മ മലേഹിയ ബ്രൂക്സ്-മുറെ,കുട്ടികൾ അടുത്ത മുറിയിൽ കളിക്കുന്നത് കേട്ട് ഉറങ്ങിയെന്നും ഉണർന്നപ്പോൾ അവരെ കാണാതായതിനെത്തുടർന്നാണ് 911ൽ വിളിച്ചതെന്നും പറഞ്ഞു. ജാക്കും ലില്ലിയും ഒറ്റയ്ക്ക് പുറത്ത് പോകുന്ന തരത്തിലുള്ള കുട്ടികളല്ലെന്നും അന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.



