ടൊറന്റോ: ടൊറന്റോയിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന അതിശക്തമായ മഞ്ഞുവീഴ്ചയിൽ ജനജീവിതം ദുസ്സഹമായി. ഞായറാഴ്ച മാത്രം നഗരത്തിന്റെ പല ഭാഗങ്ങളിലും 60 സെന്റിമീറ്ററോളം മഞ്ഞാണ് വീണത്. 1937-ന് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചയ്ക്കാണ് ടൊറന്റോ സാക്ഷ്യം വഹിക്കുന്നത്. മഞ്ഞു നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെങ്കിലും നഗരം സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കും. മഞ്ഞുവീഴ്ചയെത്തുടർന്ന് ടൊറന്റോയിലെയും പരിസര പ്രദേശങ്ങളിലെയും സ്കൂളുകൾക്കും ഡേ കെയറുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രധാന റോഡുകളിലും ഹൈവേകളിലും മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വാഹനങ്ങൾ പുറത്തിറക്കരുതെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നഗരത്തിൽ നാനൂറിലധികം വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഞ്ഞ് മാറ്റുന്നതിന് സൗകര്യമൊരുക്കുന്നതിനായി പ്രധാന പാതകളിൽ പാർക്കിംഗിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത സംവിധാനങ്ങളെ മഞ്ഞുവീഴ്ച സാരമായി ബാധിച്ചു. ടൊറന്റോയിലെ സബ്‌വേ ട്രെയിനുകൾ പലയിടത്തും സർവീസ് നിർത്തിവെക്കുകയും പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. വിമാനത്താവളത്തിലെ മഞ്ഞ് നീക്കം ചെയ്ത് പ്രവർത്തനം സാധാരണ നിലയിലാക്കാൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
മഞ്ഞുവീഴ്ചയ്ക്ക് ശമനമുണ്ടാകുമെങ്കിലും വരും ദിവസങ്ങളിൽ കൊടും തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനില മൈനസ് 20 ഡിഗ്രി വരെ താഴാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. വ്യാഴാഴ്ചയോടെ തണുപ്പ് അതിന്റെ പരമാവധിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യുന്നവർ മുൻകരുതലുകൾ എടുക്കണമെന്നും ഭരണകൂടം ഓർമ്മിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Schools closed, major subway disruptions as Toronto digs out from record-breaking snowfall



