സേവ് ബോക്സ് ഓൺലൈൻ ലേല ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടൻ ജയസൂര്യയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചു. നടന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യയെ കേസിൽ ഇഡി നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയും ഉൾപ്പെട്ടതാണ് അന്വേഷണത്തിന് കാരണമായത്.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ പണം വാങ്ങി അഭിനയിക്കുന്നവരെയും തട്ടിപ്പിലെ പങ്കാളികളായി കണക്കാക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയ്‌ക്കെതിരായ അന്വേഷണം. ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ നേരത്തെ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
നൂറോളം പേരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിച്ചതിന് തൃശൂർ സ്വദേശി സ്വാതിക് റഹീമിനെ 2023-ൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കേസിൽ അന്വേഷണം ആരംഭിച്ചത്. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാർക്കിടയിൽ പ്രമോട്ട് ചെയ്യുന്ന തരത്തിൽ പ്രചാരണം നടത്തിയതാണ് ജയസൂര്യയെ കേസിൽ പ്രതിക്കൂട്ടിലാക്കിയത്.
അന്വേഷണത്തിന്റെ ഭാഗമായി ജയസൂര്യയുടെ മൊഴി രേഖപ്പെടുത്തുകയും സാമ്പത്തിക രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം ജയസൂര്യയുടെ അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ സ്വത്ത് മരവിപ്പിക്കാൻ തീരുമാനിച്ചത്. ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാ താരങ്ങളിലേക്കും അന്വേഷണം നീങ്ങാൻ സാധ്യതയുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Save Box app fraud: ED seizes Jayasurya’s assets; action follows continuous questioning!



