റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടെത്തിയ മുപ്പതോളം ഡ്രോണുകൾ പ്രതിരോധ സേന വെടിവെച്ചിട്ടു. കഴിഞ്ഞ 12 മണിക്കൂറിനിടെ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടർ, കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങൾ എന്നിവിടങ്ങൾ ലക്ഷ്യമിട്ടുണ്ടായ ആക്രമണ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്.
കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 23 ഡ്രോണുകളെയും ഷൈബ എണ്ണപ്പാടത്തിന് നേരെ നീങ്ങിയ ഏഴ് ഡ്രോണുകളെയുമാണ് സൈന്യം തകർത്തത്. റിയാദിലെ വിവിധ വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപമെത്തിയ ഡ്രോണും നിരീക്ഷണത്തിന് ശേഷം സൈന്യം ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. ജനവാസ മേഖലകളിലോ തന്ത്രപ്രധാന കേന്ദ്രങ്ങളിലോ നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ കർശന ജാഗ്രതയാണ് സേന പുലർത്തുന്നത്.
അതേസമയം, കുവൈത്തിലെ മംഗഫിലുള്ള താമസ കെട്ടിടത്തിന് നേരെയും വിമാനത്താവളത്തിന് നേരെയും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. മംഗഫിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Saudi Arabia attacked again; Defense forces destroy about thirty drones



