സാസ്കറ്റൂൺ: ആശുപത്രിയിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള സംഘർഷത്തിനിടെ 36-കാരനായ ട്രെവർ ഡുബോയിസ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് വാദങ്ങൾ തള്ളി കുടുംബം രംഗത്ത്. ട്രെവറിന്റെ മുറിയിൽ നിന്ന് തോക്കിനോട് സാമ്യമുള്ള വസ്തു കണ്ടെത്തിയെന്നായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ അത് വെറുമൊരു സിഗരറ്റ് ഹോൾഡറും ലൈറ്ററുമാണെന്ന് കുടുംബം വെളിപ്പെടുത്തി.
ജനുവരി 9-ന് രാവിലെ ഏഴ് മണിയോടെയാണ് റോയൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ട്രെവർ ഡുബോയിസിന്റെ മുറിയിൽ തോക്ക് കണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഈ മൽപിടുത്തത്തിനിടയിൽ അബോധാവസ്ഥയിലായ ട്രെവർ പിന്നീട് മരണപ്പെടുകയായിരുന്നു. മുറിയിൽ നിന്ന് മയക്കുമരുന്നും തോക്കിനോട് സാമ്യമുള്ള വസ്തുവും കണ്ടെത്തിയതായാണ് പോലീസ് അവകാശപ്പെടുന്നത്.
തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ ട്രെവറിന്റെ കുടുംബം പോലീസിന്റെ വാദങ്ങളെ ശക്തമായി എതിർത്തു. പോലീസ് പറയുന്ന ‘തോക്ക്’ യഥാർത്ഥത്തിൽ പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള ഒരു സാധാരണ സിഗരറ്റ് ലൈറ്റർ മാത്രമാണെന്ന് അവർ പറഞ്ഞു. ആശുപത്രി അധികൃതർ അനാവശ്യമായ ബലപ്രയോഗം നടത്തിയതാണ് മരണത്തിന് കാരണമായതെന്നും അവർ ആരോപിക്കുന്നു.
സംഭവം വിവാദമായതോടെ സസ്കാച്ചവൻ ഹെൽത്ത് അതോറിറ്റി (SHA) ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. നിഷ്പക്ഷമായ അന്വേഷണത്തിനായി ഒരു ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Saskatoon police, family dispute imitation firearm claim after fatal hospital altercation



