സസ്കാറ്റൂൺ: സസ്കാറ്റൂൺ ഗ്രേറ്റർ കാത്തലിക് സ്കൂൾ ബോർഡിന് കീഴിലുള്ള സപ്പോർട്ട് സ്റ്റാഫും മെയിന്റനൻസ് ജീവനക്കാരും ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുന്നു. വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ മാനേജ്മെന്റുമായുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കാൻ ജീവനക്കാർ തീരുമാനിച്ചത്. ഫെബ്രുവരി 7 മുതൽ 10 വരെ നടന്ന വോട്ടെടുപ്പിൽ പങ്കെടുത്ത 90 ശതമാനം ജീവനക്കാരും സമരത്തിന് അനുകൂലമായി വോട്ട് ചെയ്തതായി തൊഴിലാളി യൂണിയനായ കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് അറിയിച്ചു. വിദ്യാഭ്യാസ സഹായികൾ, ലൈബ്രറി ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന വലിയൊരു വിഭാഗം ജീവനക്കാരാണ് ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
കഴിഞ്ഞ മാസങ്ങളിൽ മാനേജ്മെന്റുമായി നടന്ന ചർച്ചകൾ സമവായമാകാതെ പിരിഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജനുവരി 26, 27 തീയതികളിൽ നടന്ന അനുരഞ്ജന ചർച്ചകളും ഫലം കണ്ടില്ലെന്ന് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ ശമ്പളം കൊണ്ട് ജീവിതച്ചെലവുകൾ നേരിടാൻ കഴിയില്ലെന്നാണ് ജീവനക്കാരുടെ പരാതി. പല ജീവനക്കാർക്കും നിത്യനിദാന ചെലവുകൾക്കായി രണ്ടോ മൂന്നോ ജോലികൾ ചെയ്യേണ്ടി വരുന്നുണ്ടെന്നും, തങ്ങളുടെ സേവനത്തിന് അർഹമായ വേതനം നൽകാൻ അധികൃതർ തയ്യാറാകണമെന്നും സി.യു.പി.ഇ 2268 പ്രസിഡന്റ് തെരേസ ഹിച്ചിംഗ്സ് ചൂണ്ടിക്കാട്ടി. സ്കൂളുകളിലെ അക്കാദമിക് – അക്കാദമിക് ഇതര പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്നവരാണ് തങ്ങളെന്നും അവർ ഓർമ്മിപ്പിച്ചു.
നിലവിൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉടൻ തന്നെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ യൂണിയൻ ശ്രമിക്കുന്നുണ്ട്. നിയമപരമായ മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പൂർണ്ണമായ സമരത്തിലേക്ക് നീങ്ങുകയുള്ളൂ. സ്കൂൾ അധികൃതർ ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ പ്രശ്നം പരിഹരിക്കാൻ സന്നദ്ധമാണെന്നും യൂണിയൻ വക്താക്കൾ അറിയിച്ചു. തങ്ങളുടെ അധ്വാനത്തിന് ആദരവ് ലഭിക്കുന്നതും പണപ്പെരുപ്പത്തിന് ആനുപാതികമായതുമായ ഒരു കരാറാണ് ലക്ഷ്യമിടുന്നതെന്ന് സി.യു.പി.ഇ 3730 പ്രസിഡന്റ് വെയ്ൻ ഹാരിമാൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തീരുമാനങ്ങൾ സ്കൂളുകളുടെ പ്രവർത്തനത്തെയും വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
saskatoon-catholic-school-support-workers-are-threatening-to-strike
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



