ഈ വർഷം കാനഡയിൽ രേഖപ്പെടുത്തിയ ആകെ ചുഴലിക്കാറ്റുകളിൽ പകുതിയിലേറെയും (17 എണ്ണം) സസ്കച്ചെവാൻ പ്രവിശ്യയിലാണെന്ന് വെസ്റ്റേൺ യൂണിവേഴ്സിറ്റി ആസ്ഥാനമായുള്ള നോർത്തേൺ ടൊർണാഡോസ് പ്രോജക്ട് (Northern Tornadoes Project) വ്യക്തമാക്കുന്നു. ഇതിൽ 10 എണ്ണം ജൂൺ 19-ന് ഒറ്റ ദിവസമാണ് പ്രവിശ്യയിൽ ആഞ്ഞുവീശിയത്. ഈ ചുഴലിക്കാറ്റുകൾ കൂടുതലും സസ്കച്ചെവാന്റെ തെക്കൻ, മധ്യഭാഗങ്ങളിലായാണ് ഉണ്ടായത്. പ്രധാനമായും എസ്റ്റെവാനും സാസ്കറ്റൂണിനും ഇടയിലുള്ള പ്രദേശങ്ങളെയാണ് ഇത് ബാധിച്ചത്.
ജൂൺ 19 മുതൽ 21 വരെയുള്ള മൂന്ന് ദിവസത്തിനുള്ളിൽ 12 ചുഴലിക്കാറ്റുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 2 ചുഴലിക്കാറ്റുകൾ EF-2 വിഭാഗത്തിലും, 3 എണ്ണം EF-1 വിഭാഗത്തിലും, ബാക്കിയുള്ളവ EF-0 വിഭാഗത്തിലും പെടുന്നവയായിരുന്നു. ഈ ചുഴലിക്കാറ്റുകളിൽ ആർക്കും ജീവാപായം സംഭവിച്ചിട്ടില്ലെന്ന് നോർത്തേൺ ടൊർണാഡോസ് പ്രോജക്ട് ഡയറക്ടർ ഡേവിഡ് സിൽസ് അറിയിച്ചു. ഹബാർഡിൽ ഒരു വീടിന്റെ റൂഫ് പ്രത്യേക അടിത്തറയുടെ ബലപ്പെടുത്തൽ കാരണം തകരാതെ നിലനിന്നത് ശ്രദ്ധേയമാണ്. “ചിലരെങ്കിലും മുൻകരുതലെടുക്കുന്നത് നല്ല സൂചനയാണ്,” സിൽസ് അഭിപ്രായപ്പെട്ടു.
സസ്കച്ചെവാനിൽ ഇത്തവണ ഇത്രയധികം ചുഴലിക്കാറ്റുകൾ ഉണ്ടാകാനുള്ള കാരണം, കടുത്ത ചൂടുള്ള ദിവസങ്ങളും അതിനോടൊപ്പം ഫ്രണ്ട് സിസ്റ്റങ്ങളും ചേരുമ്പോൾ ചുഴലിക്കാറ്റുകൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുങ്ങുന്നത് കൊണ്ടാണെന്ന് ഡേവിഡ് സിൽസ് പറഞ്ഞു. ഹബാർഡിൽ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ കേയ്ല ചേംബർലിൻ, ഷോൺ ഹാനോഫ്സ്കി എന്നീ ദമ്പതികൾക്ക് അവിസ്മരണീയമായ അനുഭവമാണുണ്ടായത്. വീടിന് ചുറ്റുമുള്ള വസ്തുക്കൾ വീടിനുമേൽ വന്ന് പതിക്കുന്ന ശബ്ദം കേട്ടു. ഞങ്ങളുടെ വീട് ഇന്നും കേടുകൂടാതെ നിൽക്കുന്നു എന്നത് അത്ഭുതകരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
വീടിന്റെ മേൽക്കൂരയിലെ പലകകൾ നഷ്ടപ്പെടുകയും, ചില കൃഷി യന്ത്രങ്ങൾക്കും വലിയ മരങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
2025-ൽ കാനഡയിൽ ഇതുവരെ രേഖപ്പെടുത്തിയ ചുഴലിക്കാറ്റുകളുടെ എണ്ണം പ്രവിശ്യാടിസ്ഥാനത്തിൽ ഇപ്രകാരമാണ് പറയുന്നത്, സസ്കച്ചെവാൻ – 17, ആൽബർട്ട – 4, ക്യൂബെക്ക് – 4, മാനിറ്റോബ – 2, ഒന്റാരിയോ – 2, ബ്രിട്ടീഷ് കൊളംബിയ – 1. ഓഗസ്റ്റ് മാസം മുതൽ ചുഴലിക്കാറ്റുകളുടെ എണ്ണം കുറയുമെന്നും ശൈത്യകാലത്തോടെ ഇത് അവസാനിക്കുമെന്നും ഡേവിഡ് സിൽസ് പ്രതീക്ഷ പ്രകടിപ്പിച്ചു.



