ജൂൺ 26, ബുധനാഴ്ച സസ്‌കച്ചെവൻ പ്രവിശ്യയിൽ അതിശക്തമായ കൊടുങ്കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. ഉച്ചയോടെ മധ്യ ആൽബർട്ടയിൽ രൂപപ്പെട്ട ന്യൂനമർദ്ദം എഡ്മന്റൺ, കാൽഗറി, ലോയ്ഡ്മിൻസ്റ്റർ തുടങ്ങിയ നഗരങ്ങളിൽ കനത്ത മഴ, ഇടിമിന്നൽ എന്നിവയ്ക്ക് കാരണമായി. ഈ കൊടുങ്കാറ്റ് അതിവേഗം പ്രവിശ്യാ അതിർത്തികൾ കടന്ന് സസ്‌കച്ചെവനിലേക്ക് പ്രവേശിച്ചു.

വൈകുന്നേരത്തോടെ മധ്യ സസ്‌കച്ചെവനിൽ അതിശക്തമായ ഇടിമിന്നലാണ് അനുഭവപ്പെട്ടത്. നോർത്ത് ബാട്ടിൽഫോർഡ്, സാസ്കറ്റൂൺ എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടുതൽ തെക്കൻ പ്രദേശങ്ങളായ സ്വിഫ്റ്റ് കറന്റ്, മൂസ് ജാ തുടങ്ങി കമ്മ്യൂണിറ്റികളിൽ ശക്തമായ ഇടിമിന്നലിനുള്ള മുന്നറിയിപ്പും നൽകിയിരുന്നു. ഈ പ്രതിഭാസത്തിന്റെ ദൃശ്യഭംഗി നിരവധി പ്രദേശവാസികൾ തങ്ങളുടെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്തു.



