റീജൈന: സസ്കാച്ചവൻ പ്രവിശ്യയിൽ കുടിയേറ്റ തട്ടിപ്പുകൾ തടയുന്നതിനായി നടപ്പിലാക്കിയ കർശനമായ നിയമനടപടികൾ ലക്ഷ്യം കാണുന്നു. കാനഡ ദേശീയതലത്തിൽ ആചരിക്കുന്ന Fraud Prevention Month ന്റെ ഭാഗമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ്, നിയമലംഘകർക്കെതിരെ സ്വീകരിച്ച നടപടികളുടെ കണക്കുകൾ പ്രവിശ്യാ സർക്കാർ വ്യക്തമാക്കിയത്. 2024-ൽ നിലവിൽ വന്ന ഇമിഗ്രേഷൻ സർവീസസ് ആക്ട് (ISA) പ്രകാരം രാജ്യത്ത് ആദ്യമായി കുടിയേറ്റ തട്ടിപ്പിന് ക്രിമിനൽ കേസുകൾ ചാർജ് ചെയ്ത പ്രവിശ്യയായി സസ്കാച്ചവൻ മാറി.
പുതിയ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഇതുവരെ നാല് പേർക്കെതിരെയാണ് ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ, അനധികൃതമായി കുടിയേറ്റ-റിക്രൂട്ട്മെന്റ് സേവനങ്ങൾ നൽകിയ അഞ്ച് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ആകെ 27,000 ഡോളർ ഭരണപരമായ പിഴയും ചുമത്തി. 2025-ലാണ് ഈ പിഴകൾ ഈടാക്കിയത്. കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും റിക്രൂട്ട്മെന്റ് മേഖലയിലെ സുതാര്യത ഉറപ്പാക്കുന്നതിലും പ്രവിശ്യ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് ഇമിഗ്രേഷൻ മന്ത്രി എറിക് ഷ്മാൽസ് വ്യക്തമാക്കി. സസ്കാച്ചവനിൽ ഇത്തരം നിയമലംഘനങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും, കുടിയേറ്റ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്താൻ എല്ലാ ദിവസവും കർശന പരിശോധനകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയേറ്റക്കാരിൽ നിന്നും നിയമവിരുദ്ധമായി പണം കൈപ്പറ്റിയ കേസുകളിൽ നാല് നഷ്ടപരിഹാര ഉത്തരവുകൾ പുറപ്പെടുവിച്ചതായും ഇതിൽ ഒന്നിൽ നിന്നായി 96,000 ഡോളർ തിരികെ ഈടാക്കാൻ സാധിച്ചതായും സർക്കാർ അറിയിച്ചു.
കുടിയേറ്റ സേവനങ്ങൾക്കായി ഏജന്റുമാരെ സമീപിക്കുമ്പോൾ അവർക്ക് ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന തൊഴിലുടമകളുടെയും ഇമിഗ്രേഷൻ കൺസൾട്ടന്റുമാരുടെയും പട്ടിക സർക്കാർ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. പരാതികളോ സംശയങ്ങളോ ഉള്ളവർക്ക് pcb@gov.sk.ca എന്ന ഇമെയിൽ വഴിയോ 306-798-1350 എന്ന ഫോൺ നമ്പറിലോ ഇമിഗ്രേഷൻ മന്ത്രാലയത്തിന്റെ പ്രോഗ്രാം കംപ്ലയൻസ് ബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണ്.
saskatchewan-highlights-protections-against-immigration-fraud
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



