സാസ്കചെവാൻ; സാസ്കചെവാനിൽ 10 ഡോളർ നിരക്കിലുള്ള ശിശു സംരക്ഷണ കരാർ നീട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി ശിശു സംരക്ഷണ സംഘടനകൾ രംഗത്ത്. നിലവിലെ കരാർ 2026 മാർച്ചിൽ അവസാനിക്കാനിരിക്കെയാണ് സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാവുന്നത്. ദി പ്രെയറി പ്ലേഹൗസ് ഏർളി ലേണിംഗ് സെന്റർ ബോർഡ് ചെയർപേഴ്സൺ കെൽസി മോറിസൺ പറയുന്നത്, ഗ്രാമീണ മേഖലയിൽ ശിശുസംരക്ഷണം ലഭ്യമാക്കാൻ തൻ്റെ സമൂഹം ദീർഘകാലം പോരാടിയെന്നും, ഇപ്പോൾ ആ പരിശ്രമങ്ങൾ പാഴായി പോകുമോ എന്ന് ഭയമുണ്ടെന്നുമാണ്.
2023 നവംബറിലാണ് തങ്ങൾക്ക് ശിശു സംരക്ഷണ കേന്ദ്രം തുടങ്ങാനുള്ള അനുമതി ലഭിച്ചതെന്നും, ജൂലൈയിൽ 30 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചതായും അവർ പറഞ്ഞു. ഫെഡറൽ ഫണ്ടിംഗ് തൊഴിലാളികളുടെ വേതനം മണിക്കൂറിന് 8.50 ഡോളറായി ഉയർത്താനും കുടുംബങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ ശിശു സംരക്ഷണം ലഭ്യമാക്കാനും അത്യാവശ്യമാണെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) സാസ്കചെവൻ പറഞ്ഞു. കരാർ പുതുക്കിയില്ലെങ്കിൽ പല ശിശു സംരക്ഷണ കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടി വരുമെന്നും, അത് തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനും മാതാപിതാക്കൾക്ക് ഉയർന്ന ഫീസിനും കാരണമാകുമെന്നും CUPE പ്രസിഡന്റ് കെന്റ് പീറ്റേഴ്സൺ വ്യക്തമാക്കി.
രാജ്യത്ത് ഫെഡറൽ ഫണ്ടിംഗ് കരാർ പുതുക്കാത്ത രണ്ട് പ്രവിശ്യകളിൽ ഒന്നാണ് സാസ്കചെവാൻ എന്നും, മറ്റൊന്ന് ആൽബെർട്ടയാണെന്നും ചൈൽഡ് കെയർ നൗ സാസ്കചെവാൻ ചൂണ്ടിക്കാട്ടി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങളാണ് വേണ്ടതെന്നും, അത്തരത്തിലുള്ളവയ്ക്ക് ഫണ്ടിംഗ് നൽകി വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു.
അതേസമയം, നിലവിലെ കരാർ അവസാനിക്കുന്നതിന് മുമ്പ് തന്നെ പുതിയ കരാർ ഒപ്പിടുമെന്ന് സാസ്കചെവാൻ സർക്കാർ മാധ്യമങ്ങളോട് അറിയിച്ചു. ഫെഡറൽ സർക്കാരുമായി ചർച്ച നടത്താൻ പലതവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും, ഒരു കൂടിക്കാഴ്ചയ്ക്കായി കത്ത് നൽകിയിട്ടുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.
Saskatchewan day care centers fear closure if contracts are not renewed
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



