സസ്കാറ്റൂൺ: സസ്കാച്ചവാൻ പ്രവിശ്യയുടെ വൈദ്യശാസ്ത്ര ചരിത്രത്തിൽ പുതിയ നാഴികക്കല്ല്. പ്രവിശ്യയിലാദ്യമായി റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള അപസ്മാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. സസ്കാറ്റൂണിലെ റോയൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (RUH) സജ്ജമാക്കിയ ‘റോസ’ (ROSA) എന്ന അത്യാധുനിക റോബോട്ടിക് സംവിധാനമാണ് ഈ നേട്ടത്തിന് പിന്നിൽ. ഇതോടെ, സങ്കീർണ്ണമായ ഇത്തരം ശസ്ത്രക്രിയകൾക്കായി രോഗികൾക്ക് ഇനി മറ്റ് പ്രവിശ്യകളെ ആശ്രയിക്കേണ്ടി വരില്ല.
അപസ്മാരം ബാധിച്ചവരുടെ തലച്ചോറിൽ ഇലക്ട്രോഡുകൾ സ്ഥാപിച്ച് രോഗത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം. മുൻപ് ഡോക്ടർമാർ നേരിട്ട് ചെയ്തിരുന്ന ഈ പ്രക്രിയയിൽ എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ സമയമെടുത്ത് അഞ്ചോളം ഇലക്ട്രോഡുകൾ മാത്രമാണ് സ്ഥാപിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ ‘റോസ’ എത്തിയതോടെ വെറും മൂന്ന് മണിക്കൂറിനുള്ളിൽ 16 മുതൽ 22 വരെ ഇലക്ട്രോഡുകൾ അതീവ കൃത്യതയോടെ തലച്ചോറിൽ സ്ഥാപിക്കാൻ സാധിക്കും. ഇത് ശസ്ത്രക്രിയയുടെ സമയം കുറയ്ക്കുന്നതിനൊപ്പം രോഗിക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു.
റോയൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഫൗണ്ടേഷൻ നടത്തിയ 1.2 ദശലക്ഷം ഡോളറിന്റെ ധനസമാഹരണത്തിലൂടെയാണ് ഈ യന്ത്രസംവിധാനം പ്രവിശ്യയിലെത്തിച്ചത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ ബെൽഷർ കുടുംബം നൽകിയ 7 ലക്ഷം ഡോളറാണ് ഇതിൽ നിർണ്ണായകമായത്. ബെൽഷർ കുടുംബത്തിലെ അന്തരിച്ച അംഗം എറിന്റെ സ്മരണയ്ക്കായി ‘എറിൻ’ എന്നാണ് ഈ റോബോട്ടിക് യൂണിറ്റിന് പേര് നൽകിയിരിക്കുന്നത്. ലോക അപസ്മാര ബോധവൽക്കരണ ദിനമായ ‘പേർപ്പിൾ ഡേ’യിലാണ് (Purple Day) ഈ അഭിമാനകരമായ നേട്ടം സസ്കാച്ചുവൻ ഹെൽത്ത് അതോറിറ്റി (SHA) ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സസ്കാച്ചുവനിൽ ഏകദേശം 12,000-ത്തോളം ആളുകൾ അപസ്മാരബാധിതരായി കഴിയുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. “സ്വന്തം നാട്ടിൽ തന്നെ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ഗവൺമെന്റിന്റെ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണിത്,” എന്ന് ആരോഗ്യ മന്ത്രി ജെറമി കോക്രിൽ പറഞ്ഞു. ശസ്ത്രക്രിയയിലെ കൃത്യത വർദ്ധിപ്പിക്കാനും അപകടസാധ്യതകൾ കുറയ്ക്കാനും പുതിയ സാങ്കേതികവിദ്യ ഉപകരിക്കുമെന്ന് എസ്.എച്ച്.എ സി.ഇ.ഒ ആൻഡ്രൂ വിൽ വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യയും സാമൂഹിക പ്രതിബദ്ധതയും കൈകോർത്തപ്പോൾ സസ്കാച്ചുവന്റെ ആരോഗ്യരംഗത്ത് വിരിഞ്ഞത് പുതിയ പ്രതീക്ഷകളാണ്.
saskatchewan-celebrates-first-robot-brain-surgery-at-royal-university-hospital
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




