സാസ്കചെവൻ പ്രവിശ്യയുടെ ബജറ്റ് കമ്മി സർക്കാർ പുറത്തുവിട്ടതിനേക്കാൾ വലുതാണെന്ന് എൻ.ഡി.പി (ന്യൂ ഡെമോക്രാറ്റിക് പാർട്ടി) ആരോപിച്ചു. കാർബൺ നികുതിയുമായി ബന്ധപ്പെട്ട തുക ഉപയോഗിച്ച് സർക്കാർ ബജറ്റ് കമ്മി നികത്താൻ ശ്രമിക്കുകയാണെന്നും എൻ.ഡി.പി പറഞ്ഞു.
പ്രവിശ്യയുടെ 2025-26 വർഷത്തെ ആദ്യ പാദ സാമ്പത്തിക റിപ്പോർട്ടിൽ, ‘ഔട്ട്പുട്ട്-ബേസ്ഡ് പെർഫോമൻസ് സ്റ്റാൻഡേർഡ്സ്’ എന്ന ഇനത്തിൽ കാണിച്ചിട്ടുള്ള $466.9 മില്യൺ ഉപയോഗിച്ചാണ് സർക്കാർ ബജറ്റ് കമ്മി നികത്തുന്നതെന്ന് എൻ.ഡി.പി ആരോപിക്കുന്നു. ഇതിനെതിരെ എൻ.ഡി.പി എം.എൽ.എ അലീന യങ് രംഗത്തെത്തി.
“ഈ സർക്കാർ ഒന്നുകിൽ കാർബൺ നികുതി ചുമത്താൻ പദ്ധതിയിടുന്നു, അതിനർത്ഥം അവർ കളവ് പറയുകയാണെന്നാണ്. അല്ലെങ്കിൽ അവരുടെ ബജറ്റ് കമ്മി $500 മില്യൺ കൂടി വലുതാണ്, അതായത് ആദ്യ പാദത്തിൽ തന്നെ $815 മില്യൺ. രണ്ടായാലും അവർ കളവ് പറയുകയാണ്,” അലീന യങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ച, സാമ്പത്തിക മന്ത്രി ജിം റൈറ്റർ ആദ്യ പാദ റിപ്പോർട്ടിൽ $349 മില്യൺ ബജറ്റ് കമ്മി രേഖപ്പെടുത്തിയിരുന്നു. സാസ്ക്പവർ വൈദ്യുതി ബില്ലുകളിൽ നിന്ന് ഫെഡറൽ ഇൻഡസ്ട്രിയൽ കാർബൺ നികുതി എടുത്തുകളഞ്ഞതാണ് വരുമാനം കുറയാൻ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വിഷയത്തിൽ പ്രതികരണം ലഭിക്കുന്നതിനായി സി.ടി.വി പ്രവിശ്യാ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെയും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
Saskatchewan budget: NDP says government is lying; figures released



