സാസ്‌കച്ചെവാൻ: ലംസ്‌ഡെനിൽ ഈ വർഷത്തെ പത്താം വാർഷിക സ്കേർക്രോ (Scarecrow) ഫെസ്റ്റിവൽ ആരംഭിച്ചു. മരങ്ങളുടെ ഇലകൾ നിറം മാറുകയും തണുപ്പ് കൂടുകയും ചെയ്യുന്ന ഈ സമയത്താണ് ഈ ആഘോഷം നടത്താറുള്ളത്. റീജൈനയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള 2000-ത്തിൽ താഴെ മാത്രം ആളുകൾ താമസിക്കുന്ന ഈ കൊച്ചു പട്ടണം ഈ വാരാന്ത്യത്തിൽ സ്കേർക്രോ ഫെസ്റ്റിവലിനും സ്ട്രീറ്റ് മാർക്കറ്റിനും ആതിഥേയത്വം വഹിക്കുകയാണ്. ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന കോലങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്.
ലംസ്‌ഡെൻ ഫെസ്റ്റിവലിലെ ഈ വർഷത്തെ പ്രധാന ആകർഷണം സമൂഹമാധ്യമങ്ങളിൽ വൈറലായ കോൾഡ്‌പ്ലേ കോൺസെർട്ടിലെ കപ്പിളിന്റെ കോലങ്ങളാണ്. അതോടൊപ്പം ലൈംഗിക ആരോഗ്യ വിദ്യാഭ്യാസത്തെ പരിഹസിക്കുന്ന കോലങ്ങളും ശ്രദ്ധേയമായി. 2023-ൽ ലൈംഗിക ആരോഗ്യ ക്ലാസുകൾ എടുക്കുന്നതിന് പുറത്തുനിന്നുള്ള അധ്യാപകരെ സ്കൂളുകളിൽ വിലക്കുകയും, ലൈംഗിക ആരോഗ്യ യൂണിറ്റിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ മാതാപിതാക്കൾക്ക് അവസരം നൽകുകയും ചെയ്ത സാസ്‌കച്ചെവാൻ സർക്കാരിന്റെ നിലപാടുകളെ പരിഹസിക്കുന്നതാണ് ഈ കോലങ്ങൾ.
വ്യത്യസ്തമായ ആശയങ്ങളുള്ള കോലങ്ങൾ നിർമ്മിക്കുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കും ഫെസ്റ്റിവലിൽ സമ്മാനങ്ങൾ നൽകുന്നുണ്ട്. ട്രാക്ടർ ഓടിക്കുന്ന കോലങ്ങളും, പോലീസുകാരന്റെ വേഷത്തിലുള്ള കോലങ്ങളും, കളിയാക്കുന്ന കോലങ്ങളും തുടങ്ങി വിവിധതരം കോലങ്ങൾ ഫെസ്റ്റിവലിൽ കാണാം. ലംസ്‌ഡെനിലെ ഈ ആഘോഷം കാണാൻ എല്ലാ വർഷവും നിരവധി ആളുകളാണ് എത്തുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Scarecrow Festival turns controversy into a spectacle; Saskatchewan arouses curiosity



