സസ്കാച്ചവാൻ: ഫെബ്രുവരി മുതൽ രണ്ട് വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ സാസ്ക് പവറും, 2026, 2027 വർഷങ്ങളിൽ വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ എസ്.ജി.ഐയും അനുമതി തേടി. ഇരു സ്ഥാപനങ്ങളും ചേർന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം എട്ട് ശതമാനത്തോളം വർധനവാണ് നിർദ്ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പുകളിലൂടെയാണ് ഈ വിവരം അറിയിച്ചത്.
സാസ്ക് പവർ 2026 ലും 2027 ലും 3.9 ശതമാനം വീതം വർധനവ് ആവശ്യപ്പെട്ടപ്പോൾ, എസ്.ജി.ഐ 3.75 ശതമാനം വർധനവിനാണ് ശുപാർശ നൽകിയിരിക്കുന്നത്.
നിരക്ക് വർധനവ് നടപ്പിലാകുന്നതോടെ ശരാശരി ഗാർഹിക ഉപഭോക്താക്കൾക്ക് 2026 ലും 2027 ലും പ്രതിമാസം 5 ഡോളറിന്റെ അധിക ബാധ്യതയുണ്ടാകും.
കാർഷിക ഉപഭോക്താക്കൾക്ക് ഇതേ കാലയളവിൽ പ്രതിമാസം 11 ഡോളർ വീതമാകും വർധിക്കുക. സസ്ക് പവർ അവസാനമായി നിരക്ക് വർധിപ്പിച്ചത് 2022 ലും 2023 ലും നാല് ശതമാനം വീതമായിരുന്നു. വാഹന ഇൻഷുറൻസിന്റെ കാര്യത്തിൽ, പ്രവിശ്യയിലെ 98 ശതമാനം വാഹനങ്ങൾക്കും വാർഷിക പ്രീമിയത്തിൽ ശരാശരി 38 ഡോളറിന്റെ വർധനവുണ്ടാകും. അതേസമയം ഒരു ശതമാനം വാഹനങ്ങൾക്ക് ശരാശരി 8 ഡോളറിന്റെ കുറവും പ്രതീക്ഷിക്കുന്നു.
പണപ്പെരുപ്പവും ആധുനിക വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ഉയർന്ന ചെലവുമാണ് നിരക്ക് വർധനവിന് കാരണമായി എസ്.ജി.ഐ ചൂണ്ടിക്കാട്ടുന്നത്. വാഹനങ്ങളുടെ ശരാശരി അറ്റകുറ്റപ്പണി ചെലവ് 2019-20 കാലയളവിലെ 4,880 ഡോളറിൽ നിന്ന് 2024-25 ൽ 6,101 ഡോളറായി വർധിച്ചുവെന്ന് എസ്.ജി.ഐ പ്രസിഡന്റും സി.ഇ.ഒയുമായ പെന്നി മക്കുൺ വ്യക്തമാക്കി. നിലവിലെ വരുമാനം ക്ലെയിമുകൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്നും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഓട്ടോ ഫണ്ട് വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇരു സ്ഥാപനങ്ങളും തങ്ങളുടെ അപേക്ഷകൾ സസ്കാച്ചവൻ റേറ്റ് റിവ്യൂ പാനലിന് സമർപ്പിക്കും. അനുമതി ലഭിക്കുന്ന മുറയ്ക്ക് സാസ്ക് പവറിന്റെ പുതുക്കിയ നിരക്കുകൾ ഫെബ്രുവരിയിലും എസ്.ജി.ഐയുടേത് ജൂണിലും താൽക്കാലിക അടിസ്ഥാനത്തിൽ പ്രാബല്യത്തിൽ വരും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Sask Power and SGI raise rates; up to 4 percent increase expected



