മുംബൈ: ട്വന്റി20 ലോകകപ്പിലെ മികച്ച താരമാകാൻ ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണും മത്സരരംഗത്ത് എത്തിയിരിക്കുകയാണ്. സെമി ഫൈനൽ മത്സരങ്ങൾ പൂർത്തിയായതോടെ ഐസിസി പുറത്തുവിട്ട ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’ നോമിനേഷനിലാണ് മലയാളി താരം ഇടംപിടിച്ചത്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്.
ടൂർണമെന്റിന്റെ തുടക്കത്തിൽ കൃത്യമായ അവസരങ്ങൾ ലഭിക്കാതിരുന്ന സഞ്ജു ഇതുവരെ നാല് കളികളിൽ മാത്രമാണ് പാഡണിഞ്ഞത്. എങ്കിലും രണ്ട് അർധസെഞ്ചറികളുൾപ്പെടെ 232 റൺസ് അടിച്ചുകൂട്ടാൻ താരത്തിന് സാധിച്ചു. സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം നിർണായകമായി. ഇതോടെയാണ് ഐസിസിയുടെ വെബ്സൈറ്റ് വഴിയുള്ള വോട്ടെടുപ്പ് പട്ടികയിൽ ഏക ഇന്ത്യൻ താരമായി സഞ്ജു സാംസൺ ഇടം നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയയ്ക്കെതിരായ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചിരുന്നത്. എന്നാൽ സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ തോറ്റതോടെ സഞ്ജുവിനെ വീണ്ടും പരീക്ഷിക്കാൻ ബിസിസിഐ തയ്യാറാവുകയായിരുന്നു. തനിക്ക് ലഭിച്ച സെഞ്ചറി നഷ്ടമായതിൽ നിരാശയില്ലെന്നും ടീമിന്റെ വിജയമാണ് പ്രധാനമെന്നും സഞ്ജു പറഞ്ഞു. താനല്ല, മറിച്ച് ജസ്പ്രീത് ബുമ്രയാണ് യഥാർത്ഥത്തിൽ ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരത്തിന് അർഹനെന്നും താരം കൂട്ടിച്ചേർത്തു.
ഐസിസി പുറത്തുവിട്ട പട്ടികയിൽ സഞ്ജുവിനൊപ്പം ഇംഗ്ലണ്ടിന്റെ വിൽ ജാക്സ്, പാക്കിസ്ഥാന്റെ സഹിബ്സദ ഫർഹാൻ, ദക്ഷിണാഫ്രിക്കയുടെ ലുങ്കി എൻഗിഡി, എയ്ഡൻ മാർക്രം എന്നിവരുണ്ട്. ന്യൂസീലൻഡ് താരങ്ങളായ രചിൻ രവീന്ദ്ര, ടിം സിഫർട്ട് എന്നിവരും യുഎസ്എയുടെ ഷാഡ്‍ലി വാൻ ഷാക്‌വികും പട്ടികയിൽ സഞ്ജുവിനൊപ്പമുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Sanju Samson Nominated for T20 World Cup Player of the Tournament



