കോട്ടയം: പാമ്പാടിയിലെ സഞ്ജു സാംസൺ ആരാധകൻ നിതിൻ ബാബുവിന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ‘ബോണസ്’ സമ്മാനിച്ച് സാക്ഷാൽ സഞ്ജു സാംസൺ നേരിട്ടെത്തി. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയവും സഞ്ജുവിന്റെ പ്രകടനവും ആഘോഷിക്കാൻ സ്വന്തം സ്ഥാപനത്തിലെ 63 ജീവനക്കാർക്കും പണം പാരിതോഷികമായി നൽകിയ നിതിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇതറിഞ്ഞാണ് സഞ്ജു തന്റെ ഈ ‘സൂപ്പർ ഫാനിനെ’ കാണാൻ ഓടിയെത്തിയത്.
ഫിയ ഗാർമെന്റ്സ് ഉടമയായ നിതിൻ ബാബു, ലോകകപ്പിൽ സഞ്ജു തിളങ്ങിയ ഓരോ ഘട്ടത്തിലും തന്റെ സന്തോഷം ജീവനക്കാരുമായി പങ്കുവെച്ചിരുന്നു. സൂപ്പർ 8 പോരാട്ടത്തിൽ സഞ്ജു മാൻ ഓഫ് ദി മാച്ച് ആയപ്പോൾ 500 രൂപയും, സെമിയിൽ ഇംഗ്ലണ്ടിനെ തകർത്തപ്പോൾ 1000 രൂപയും, ഒടുവിൽ ഫൈനലിൽ സഞ്ജു ടോപ് സ്കോററായതോടെ 2000 രൂപ വീതവുമാണ് ഓരോ ജീവനക്കാരനും നിതിൻ നൽകിയത്. ആരാധനയുടെ ഈ വേറിട്ട രീതി കണ്ട സഞ്ജു, ഐപിഎല്ലിനായി ചെന്നൈയിലേക്ക് തിരിക്കും മുൻപ് നിതിനെ കാണാൻ സമയം കണ്ടെത്തുകയായിരുന്നു.
കൊച്ചി കടവന്ത്രയിലെ നിതിന്റെ ബന്ധുവീട്ടിലേക്കാണ് സഞ്ജു എത്തിയത്. താരത്തെ കണ്ട ആവേശത്തിൽ വാക്കുകൾ കിട്ടാതെ നിന്ന നിതിനെ കെട്ടിപ്പിടിച്ചാണ് സഞ്ജു സ്വീകരിച്ചത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ച താരം പൂർണ്ണമായും ഒരു സാധാരണക്കാരനായി മാറി. വീടിന്റെ മുറ്റത്ത് വെച്ച് നിതിനോടൊപ്പം ക്രിക്കറ്റ് കളിക്കാനും സഞ്ജു മറന്നില്ല. നിതിന് ബോൾ എറിഞ്ഞു കൊടുത്ത താരം, അദ്ദേഹത്തിന്റെ മക്കൾക്ക് ക്യാച്ചിങ് പ്രാക്ടീസും നൽകി. തന്റെ ജഴ്സിയിൽ “താങ്ക്യൂ സോ മച്ച് നിതിൻ ഭായ്” എന്ന് എഴുതിയാണ് സഞ്ജു ഓട്ടോഗ്രാഫ് നൽകിയത്. സഞ്ജുവിന്റെ പ്രിയ വിഭവമായ കപ്പയും മീൻകറിയും നിതിനും കുടുംബവും സ്നേഹത്തോടെ വിളമ്പി. ഏറെ ആസ്വദിച്ചാണ് താരം ഭക്ഷണം കഴിച്ചതെന്ന് നിതിൻ പറഞ്ഞു.
“എത്തി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹം ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെപ്പോലെയായി. ജഴ്സിയിൽ ഓട്ടോഗ്രാഫ് നൽകുമ്പോൾ കൈ വിറയ്ക്കാതെ പിടിക്കാൻ തമാശയോടെ പറഞ്ഞു. അദ്ദേഹം ഹൃദയത്തിൽ നിന്നാണ് ഇതെല്ലാം ചെയ്യുന്നത്,” എന്ന് നിതിൻ വികാരാധീനനായി പറഞ്ഞു. വൻ തുക ബോണസ് നൽകി വാർത്തകളിൽ നിറഞ്ഞ നിതിന്, തന്റെ പ്രിയതാരത്തെ നേരിൽ കാണാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Sanju clean bowled in front of the love of the fan; Nitin gets a surprise from Sanju



