നിർമാതാവും സംവിധായകനുമായ സനൽകുമാർ ശശിധരന് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയെ തുടർന്നാണ് സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തത്.മുംബൈയിൽ വെച്ച് എളമക്കര പോലീസാണ് സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചിയിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ചു, അപവാദ പ്രചാരണം നടത്തി, വ്യാജ ശബ്ദസന്ദേശം പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് നടി സനൽകുമാർ ശശിധരനെതിരെ ആരോപിക്കുന്നത്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് സനൽകുമാർ ശശിധരൻ പറയുന്നത്. ഒരാളെ സ്നേഹിച്ചതാണോ താൻ ചെയ്ത കുറ്റമെന്ന് അദ്ദേഹം ചോദിച്ചിരുന്നു.
ലുക്ക്ഔട്ട് നോട്ടിസിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു സനലിനെ കസ്റ്റഡിയിലെടുത്തത്. പിന്നീടെ കൊച്ചിയിൽ എത്തിക്കുന്നതിനിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ റെയിൽവേ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം കുഴഞ്ഞുവീണു.ഒരു പ്രമുഖ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സനൽകുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. “ഞാനെന്താ കൊലപാതകമോ മോഷണമോ നടത്തിയോ? ഖജനാവ് കൊള്ളയടിച്ചോ? മാസപ്പടി വാങ്ങിയോ? ഞാൻ ഒരാളെ സ്നേഹിച്ചു, അതൊരു കുറ്റമാണോ?” എന്ന് വികാരാധീനനായി ചോദിച്ചതിന് പിന്നാലെയാണ് അദ്ദേഹം വീണത്. ഒരു സ്ത്രീയെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞതിന്റെ പേരിലാണ് പോലീസ് തന്നെ പിടികൂടിയതെന്നും അദ്ദേഹം ആരോപിച്ചു.
പിന്തുടർന്ന് ശല്യപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് സനൽകുമാർ ശശിധരനെതിരെ ചുമത്തിയിട്ടുള്ളത്. സിറ്റി പോലീസ് കമ്മീഷണർക്ക് നടി നൽകിയ ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് എളമക്കര പോലീസ് കേസെടുത്തത്. സംഭവത്തിൽ നടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കേസെടുത്ത സമയത്ത് സനൽകുമാർ അമേരിക്കയിലായിരുന്നു. ഇന്ത്യയിലെത്തിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ വേണ്ടിയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഇതേ തുടർന്നാണ് മുംബൈ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തെ തടഞ്ഞത്. സനൽകുമാർ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
നേരത്തെയും സമാനമായ പരാതിയിൽ 2022-ൽ സനൽകുമാർ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. നടിയെ ടാഗ് ചെയ്തും അപകീർത്തിപ്പെടുത്തുന്ന തരത്തിലുമുള്ള നിരവധി പോസ്റ്റുകൾ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം ഈ പോസ്റ്റുകൾ നീക്കം ചെയ്തിരുന്നു. നേരത്തെയുള്ള കേസ് നിലനിൽക്കെ വീണ്ടും പിന്തുടർന്ന് ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് നടി വീണ്ടും പോലീസിനെ സമീപിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Sanal Kumar Sasidharan granted bail in actor stalking case



