ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ അത്ഭുത വിജയമായി മാറിയ മോഹൻലാൽ ചിത്രം ‘എമ്പുരാന്റെ’ റെക്കോർഡ് തകർത്ത് യുവതാരത്തിന്റെ ഹിന്ദി ചിത്രം. മോഹൻലാൽ നായകനായ ‘എമ്പുരാൻ’ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 265 കോടിയിലധികം രൂപയാണ് നേടിയത്. ഇന്ത്യൻ ബോക്സ് ഓഫീസിനേക്കാൾ അധികം വിദേശ മാർക്കറ്റുകളിൽ നിന്ന് നേടി എന്നതാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കിയത്.
ഈ വർഷം ഇന്ത്യയിലെ മറ്റു ഭാഷാ സിനിമകളുടെ വിദേശ കളക്ഷൻ കണക്കുകളിലും ‘എമ്പുരാനായിരുന്നു’ ഒന്നാം സ്ഥാനത്ത്.
എന്നാൽ, ഈ റെക്കോർഡാണ് ഇപ്പോൾ ഭേദിക്കപ്പെട്ടിരിക്കുന്നത്. ഒരു സൂപ്പർതാര ചിത്രമല്ല, മറിച്ച് യുവതാരങ്ങൾ ഒന്നിച്ചെത്തിയ ചിത്രമാണ് ഈ റെക്കോർഡ് തകർത്തതെന്നതും ശ്രദ്ധേയമാണ്. നവാഗതരായ അഹാൻ പാണ്ഡേ, അനീത് പഡ്ഡ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘സയ്യാരാ’യാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. മ്യൂസിക്കൽ റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ജൂലൈ 18-നാണ് തിയേറ്ററുകളിൽ എത്തിയത്.
നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ഓഗസ്റ്റ് 5-ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 507 കോടി രൂപ നേടിയിരുന്നു. പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കനുസരിച്ച് ഇത് 512 കോടിയിലേക്ക് ഉയർന്നിട്ടുണ്ട്.
‘എമ്പുരാന്റെ’ വിദേശ കളക്ഷൻ 142.25 കോടിയായിരുന്നെങ്കിൽ, ‘സയ്യാരാ’ 22 ദിവസങ്ങൾ കൊണ്ട് 144 കോടി നേടി. പ്രദർശനം അവസാനിക്കുമ്പോഴേക്കും ഈ തുക 160 കോടിയിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
സാധാരണ പ്രമോഷൻ പരിപാടികളോ താരങ്ങളുടെ അഭിമുഖങ്ങളോ ഇല്ലാതെയാണ് ‘സയ്യാരാ’ തിയേറ്ററുകളിൽ എത്തിയത്. എന്നാൽ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം നേടിയ ചിത്രം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിക്കൊപ്പം ഓപ്പണിംഗിൽ ചില റെക്കോർഡുകളും സ്വന്തമാക്കി. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരു പ്രണയചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗാണ് ‘സയ്യാരാ’ നേടിയത്. ആദ്യ ദിനം തന്നെ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 21 കോടി നേടിയ ചിത്രം, തുടർന്നുള്ള ദിവസങ്ങളിലും മികച്ച കളക്ഷൻ നേടി റെക്കോർഡ് പുസ്തകങ്ങളിൽ ഇടം പിടിച്ചു.



