കാനഡയിലെ മാനിറ്റോബയിൽ മീസിൽസ് രോഗബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ഒരു മാസത്തിനിടെ 400-ലധികം ഒരു വയസ്സിൽ താഴെയുള്ള ശിശുക്കൾക്ക് മീസിൽസ് വാക്സിൻ (എം.എം.ആർ) നൽകിയതായി സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് മീസിൽസ് കേസുകൾ വർധിച്ചതിനെ തുടർന്നാണ് മെയ് 14 മുതൽ ശിശുക്കൾക്കുള്ള വാക്സിൻ അർഹത സർക്കാർ വിപുലീകരിച്ചത്.
ആദ്യഘട്ടത്തിൽ, Southern Health, Interlake-Eastern health authority എന്നീ പ്രദേശങ്ങളിലെ 6 മുതൽ 12 മാസം വരെ പ്രായമുള്ള കുട്ടികൾക്കും, ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുമായും അവിടെയുള്ളവരുമായി അടുത്തിടപഴകുന്നവരുമായ ശിശുക്കൾക്കുമാണ് വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നത്. ഇതിന് പുറമെ, മാനിറ്റോബയിലെ തുടരുന്ന വനത്തീപിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ശിശുക്കളെയും നിലവിൽ മീസിൽസ് ബാധയുള്ള ദക്ഷിണ പ്രദേശങ്ങളിൽ താമസിക്കുന്നവരെയും ഈ വാക്സിനേഷൻ പരിപാടിയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 14-ലെ കണക്കുകൾ പ്രകാരം, മെയ് 14 മുതൽ ഇതുവരെ ഏകദേശം 450 ശിശുക്കൾക്ക് എം.എം.ആർ വാക്സിൻ നൽകിയിട്ടുണ്ടെന്ന് സംസ്ഥാന വക്താവ് സ്ഥിരീകരിച്ചു. സതേൺ ഹെൽത്ത് അതോറിറ്റി മാത്രം 6-12 മാസം പ്രായമുള്ള 104 കുട്ടികൾക്ക് വാക്സിനേഷൻ നൽകിയതായും അറിയിച്ചിട്ടുണ്ട്. ജൂൺ 7 വരെയുള്ള കണക്കുകൾ പ്രകാരം 98 സ്ഥിരീകരിച്ച മീസിൽസ് കേസുകളും 8 സംശയാസ്പദമായ കേസുകളും നിലവിലുണ്ട്. മെയ് മാസത്തിൽ മാത്രം 72 കേസുകളും, ജൂൺ ആദ്യവാരത്തിൽ 11 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് രോഗവ്യാപനത്തിന്റെ തീവ്രത വർധിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
ടൊറന്റോ സർവകലാശാലയിലെ ശിശുരോഗ വിദഗ്ധയായ ഡോ. ആന്ന ബാനർജി സി.ബി.സിയോട് സംസാരിക്കുമ്പോൾ മീസിൽസ് ഗർഭിണികൾക്ക് അതീവ അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി. “ഗർഭിണികൾക്ക് മീസിൽസ് വളരെ അപകടകരമാണ്. മരണ സാധ്യത ഒമ്പതിരട്ടി കൂടുതലാണ്. മീസിൽസ് അണുബാധ പ്ലാസന്റയിലേക്ക് എത്തുകയും അതുവഴി ഭ്രൂണത്തെ ബാധിക്കുകയും ഗർഭം അലസൽ, മാസം തികയാതെയുള്ള പ്രസവം, അല്ലെങ്കിൽ ചാപിള്ള പ്രസവം എന്നിവയ്ക്ക് കാരണമായേക്കാം,” അവർ വ്യക്തമാക്കി.
മീസിൽസ് വാക്സിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ഡോ. ബാനർജി പറഞ്ഞു, “1960-കളിൽ മീസിൽസ് വാക്സിൻ വന്നതിനുശേഷം ഈ രോഗം ജനസമൂഹത്തിൽ നിന്ന് ഏതാണ്ട് ഇല്ലാതായിരുന്നു, എന്നാൽ അത് വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. മീസിൽസിനെതിരായ ഈ പോരാട്ടത്തിൽ വിജയിക്കാനുള്ള ഉത്തരവാദിത്തം വരും തലമുറയുടേതാണ്.” മീസിൽസ് വ്യാപനം നിയന്ത്രിക്കാൻ മാനിറ്റോബ സർക്കാർ അടിയന്തരമായി ഇടപെട്ടതിലൂടെ നിരവധി ശിശുക്കൾക്ക് മുൻകൂർ സംരക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും, രോഗവ്യാപനം പൂർണ്ണമായി തടയുന്നതിന് എല്ലാവരും മുൻകരുതലുകൾ എടുത്ത് വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



