ന്യൂഡൽഹി: ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി വിസയില്ലാതെയുള്ള യാത്രാ സൗകര്യം ഒരുക്കാൻ റഷ്യൻ സർക്കാർ നടപടികൾ ആരംഭിച്ചു. 2025-ഓടെ ഈ പദ്ധതി പൂർണ്ണമായി നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, റഷ്യൻ യുവതികളെ വിവാഹം കഴിക്കുന്നതിനായി ഇന്ത്യൻ യുവാക്കൾക്ക് വിസയില്ലാതെ അവിടേക്ക് പോകാമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റഷ്യയിലെ ജനസംഖ്യ വർധിപ്പിക്കുന്നതിനായി ഇന്ത്യൻ യുവാക്കൾക്ക് അവിടത്തെ സ്ത്രീകളെ വിവാഹം കഴിക്കാൻ സൗജന്യ വിസ നൽകുന്നു എന്ന തരത്തിലുള്ള സന്ദേശങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇത് വെറും തമാശരൂപേണ പ്രചരിപ്പിക്കപ്പെട്ട വ്യാജവാർത്ത മാത്രമാണെന്നും, ഇത്തരമൊരു നയം റഷ്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നും വിദേശകാര്യ വിദഗ്ധർ വ്യക്തമാക്കി.
വിവാഹത്തിനോ മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കോ വേണ്ടിയുള്ള പ്രത്യേക പരിഗണനയല്ല ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ റഷ്യ നടപ്പിലാക്കുന്ന ‘യൂണിഫൈഡ് ഇ-വിസ’ (Unified e-visa) സംവിധാനത്തിന്റെ തുടർച്ചയായാണ് വിസയില്ലാ യാത്രയ്ക്കുള്ള നീക്കം നടക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര ഗ്രൂപ്പുകൾക്കും വ്യക്തിഗത സഞ്ചാരികൾക്കും കൂടുതൽ ഇളവുകൾ നൽകാനാണ് റഷ്യൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
വിനോദസഞ്ചാരം, വ്യാപാരം, സാംസ്കാരിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. പുതിയ പദ്ധതി പ്രകാരം, സാധുവായ പാസ്പോർട്ടും മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റും കൈവശമുള്ള ഇന്ത്യൻ സഞ്ചാരികൾക്ക് നിശ്ചിത ദിവസത്തേക്ക് വീസയില്ലാതെ റഷ്യ സന്ദർശിക്കാനാകും. നിലവിൽ ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് പോകാൻ വീസ നിർബന്ധമാണ്. എന്നാൽ ഇ-വിസ സംവിധാനം നിലവിൽ വന്നതോടെ അപേക്ഷാ നടപടികൾ മുൻപത്തെക്കാൾ ലളിതമായിട്ടുണ്ട്.
പുതിയ കരാറുകൾ കൂടി നിലവിൽ വരുന്നതോടെ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി പൂർണ്ണമായും വിനോദസഞ്ചാരത്തിന് മാത്രമുള്ളതാണെന്നും, തൊഴിൽ ആവശ്യങ്ങൾക്കോ വിവാഹത്തിനോ പോകുന്നവർ നിലവിലുള്ള കർശനമായ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി മാത്രം കാത്തിരിക്കണമെന്നും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Russian visa: Social media propaganda is baseless; exemptions are only for tourists
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



