തെക്കു പടിഞ്ഞാറൻ റഷ്യൻ തീരത്ത് ശക്തമായ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ബ്രിട്ടീഷ് കൊളംബിയയുടെ ചില ഭാഗങ്ങളിൽ ചെറിയ സുനാമി തിരമാലകൾ എത്താൻ സാധ്യതയുണ്ടെന്ന് എമർജൻസി പ്രിപ്പേർഡ്‌നെസ് ഏജൻസി അറിയിച്ചു. 30 സെൻ്റീമീറ്ററിൽ താഴെ ഉയരമുള്ള തിരമാലകളാണ് പ്രതീക്ഷിക്കുന്നത്.
എമർജൻസി ഇൻഫോ ബി.സി.യുടെ റിപ്പോർട്ട് അനുസരിച്ച്, 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രൂപംകൊണ്ട തിരമാലകൾ രാത്രിയോടെ ടോഫിനോയിൽ എത്താൻ സാധ്യതയുണ്ട്. ബ്രിട്ടീഷ് കൊളംബിയയുടെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരമാലകൾ ആദ്യം ലാംഗാര ദ്വീപിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയിലും ജപ്പാനിലും ചില തീരപ്രദേശങ്ങളിൽ സുനാമി എത്തിക്കഴിഞ്ഞതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
നോർത്ത് കോസ്റ്റ്, ഹൈഡ ഗ്വൈ, സെൻട്രൽ കോസ്റ്റ്, വടക്കുകിഴക്കൻ വാൻകൂവർ ദ്വീപ് (കിറ്റിമാറ്റ്, ബെല്ലാ കൂള, പോർട്ട് ഹാർഡി ഉൾപ്പെടെ), കേപ് സ്കോട്ട് മുതൽ പോർട്ട് റെൻഫ്രെ വരെ നീളുന്ന വാൻകൂവർ ദ്വീപിൻ്റെ പുറം പടിഞ്ഞാറൻ തീരം എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പുണ്ട്. ജോർദാൻ റിവർ ഏരിയ മുതൽ ഗ്രേറ്റർ വിക്ടോറിയ വരെയും സാനിച്ച് പെനിൻസുലയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.



