ഹവാന: കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ തകർച്ചയും നേരിടുന്ന ക്യൂബയിൽ ഭരണമാറ്റത്തിനുള്ള സാധ്യതകൾ തേടിയുള്ള ചർച്ചകൾ ആരംഭിച്ച് അമേരിക്കൻ ഭരണകൂടം. അയൽരാജ്യമായ വെനസ്വേലയിൽ അമേരിക്കൻ ഇടപെടലിലൂടെ പ്രസിഡന്റിനെ പുറത്താക്കിയതിന് പിന്നാലെയാണ് ക്യൂബൻ സർക്കാരുമായും ട്രംപ് ഭരണകൂടം ആശയവിനിമയം നടത്തുന്നത്. ക്യൂബയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.
ഏകകക്ഷി ഭരണത്തിന് അന്ത്യം കുറിച്ചേക്കാവുന്ന തരത്തിലുള്ള ചർച്ചകളാണ് അണിയറയിൽ നടക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. നിലവിലെ സാഹചര്യത്തിൽ ഏത് വിഷയത്തിലും അമേരിക്കയുമായി സംവാദത്തിന് തയ്യാറാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ്-കനൽ വ്യക്തമാക്കി. സി.ഐ.എ പ്രതിനിധികളുമായി മെക്സിക്കോയിൽ വച്ച് ക്യൂബൻ സൈനിക ഉദ്യോഗസ്ഥർ രഹസ്യ കൂടിക്കാഴ്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വെനസ്വേലയിൽ നിന്നുള്ള ഇന്ധന ലഭ്യത നിലച്ചതോടെ രാജ്യം നേരിടുന്ന കടുത്ത ഊർജ്ജ പ്രതിസന്ധിയാണ് പെട്ടെന്നുള്ള നയതന്ത്ര മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾ മൂലം ക്യൂബയിലെ വൈദ്യുതി ശൃംഖല പൂർണ്ണമായും തകർച്ചയുടെ വക്കിലാണ്. ദിവസേന 50 മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ധനക്ഷാമം രൂക്ഷമായതോടെ പൊതുഗതാഗതവും നിലച്ചു. 2021-ലുണ്ടായതിന് സമാനമായ ജനകീയ പ്രക്ഷോഭങ്ങൾ ഭയന്നാണ് ഭരണകൂടം വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. വരും ആഴ്ചകളിൽ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് പ്രസിഡന്റ് വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും രാജ്യം വലിയ രാഷ്ട്രീയ മാറ്റങ്ങളിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Cuba after Venezuela? Will the US overthrow the regime? Rumors of a secret understanding with Trump



