കാനഡയിലെ നികുതിദായകർക്ക് 2025 വർഷത്തെ ആദായനികുതി ബാധ്യത കുറയ്ക്കുന്നതിനുള്ള അവസാന അവസരം അടുത്തു. രജിസ്റ്റേർഡ് റിട്ടയർമെന്റ് സേവിംഗ്സ് പ്ലാനിൽ (RRSP) നിക്ഷേപം നടത്തി ടാക്സ് റീഫണ്ട് നേടാൻ ഇനി നാല് ദിവസത്തെ സമയം മാത്രമാണ് അവശേഷിക്കുന്നത്. 2026 മാർച്ച് 2 തിങ്കളാഴ്ചയാണ് ഇതിനുള്ള അവസാന തീയതിയായി കാനഡ റവന്യൂ ഏജൻസി (CRA) നിശ്ചയിച്ചിരിക്കുന്നത്. സാധാരണഗതിയിൽ മാർച്ച് 1 ആണ് അവസാന തീയതിയെങ്കിലും ഇത്തവണ അത് ഞായറാഴ്ചയായതിനാലാണ് അടുത്ത പ്രവൃത്തിദിവസം വരെ സമയം നീട്ടിനൽകിയത്.
ഈ സമയപരിധിക്കുള്ളിൽ ആർആർഎസ്പിയിൽ നിക്ഷേപിക്കുന്ന തുക നിങ്ങളുടെ 2025-ലെ ആകെ വരുമാനത്തിൽ നിന്ന് കുറയ്ക്കപ്പെടും. ഉദാഹരണത്തിന്, 30 ശതമാനം നികുതി നൽകേണ്ട വരുമാന പരിധിയിലുള്ള ഒരാൾ 10,000 ഡോളർ നിക്ഷേപിച്ചാൽ അദ്ദേഹത്തിന് ഏകദേശം 3,000 ഡോളറോളം ടാക്സ് റീഫണ്ടായി തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. 2025 വർഷത്തേക്ക് പരമാവധി 32,490 ഡോളർ വരെയാണ് ഒരാൾക്ക് നിക്ഷേപിക്കാൻ കഴിയുകയെങ്കിലും ഓരോരുത്തരുടെയും വരുമാനമനുസരിച്ച് ഈ പരിധിയിൽ മാറ്റമുണ്ടാകും. സിആർഎയുടെ ‘മൈ അക്കൗണ്ട്’ വഴി ഓരോ വ്യക്തിക്കും തങ്ങളുടെ കൃത്യമായ നിക്ഷേപ പരിധി പരിശോധിക്കാവുന്നതാണ്.
അവസാന നിമിഷം വരെ കാത്തിരിക്കുന്നത് ഒഴിവാക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബാങ്ക് ഇടപാടുകൾ പൂർത്തിയാകാൻ എടുക്കുന്ന സമയം കണക്കിലെടുത്ത് മാർച്ച് 2 അർദ്ധരാത്രിക്ക് മുമ്പ് തന്നെ നിക്ഷേപം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പരിധിയിൽ കൂടുതൽ തുക നിക്ഷേപിക്കുന്നത് പിഴ ഈടാക്കാൻ കാരണമാകുമെന്ന കാര്യവും ശ്രദ്ധിക്കണം. നികുതി ലാഭിക്കുന്നതിനൊപ്പം വിരമിക്കൽ കാലത്തേക്കുള്ള മികച്ചൊരു സമ്പാദ്യമായും ആർആർഎസ്പി നിക്ഷേപത്തെ പ്രയോജനപ്പെടുത്താം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
RRSP Deadline 2026: 4 Days Left To Lower Your Tax Bill



