റിയാദ്: ഇറാൻ-ഇസ്രയേൽ സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റിലെ സുരക്ഷാ ക്രമീകരണങ്ങളിൽ നിർണായക മാറ്റം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായതിനെത്തുടർന്ന് സൗദിയിലെയും കുവൈത്തിലെയും നയതന്ത്ര കാര്യാലയങ്ങൾ അമേരിക്ക അടിയന്തരമായി അടച്ചുപൂട്ടി. റിയാദിലെ കാനഡ എംബസിയും പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എംബസികളുടെ പ്രവർത്തനം ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട രണ്ട് ഡ്രോണുകളാണ് എംബസി കെട്ടിടത്തിന് നേരെ പതിച്ചത്. ആക്രമണത്തിൽ കെട്ടിടത്തിന് തീപിടിച്ചതായും നയതന്ത്ര മേഖലയിൽ തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായും സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. മേഖലയെ ലക്ഷ്യമിട്ടെത്തിയ മറ്റ് നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് വെടിവെച്ചു വീഴ്ത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദിയിലെ എല്ലാ കൗൺസിലർ സേവനങ്ങളും നിർത്തിവെക്കാൻ യുഎസ് ഭരണകൂടം നിർദേശം നൽകി.
സുരക്ഷാ ഭീഷണിയെത്തുടർന്ന് യുഎസ് പൗരന്മാർക്കായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എല്ലാ പതിവ്, അടിയന്തര സേവനങ്ങളും അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കിയിട്ടുണ്ട്. അമേരിക്കൻ പൗരന്മാർ സുരക്ഷിത കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും സൈനിക സ്ഥാപനങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും എംബസി അറിയിച്ചു. നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെയുണ്ടായ ഈ നീക്കം മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥയെ സാരമായി ബാധിച്ചിരിക്കുകയാണ്.
റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ആക്രമണം നടന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വൻ സൈനിക വിന്യാസത്തിനാണ് സാധ്യത തെളിയുന്നത്. മേഖലയിലെ സംഘർഷം ആഗോള തലത്തിൽ തന്നെ വലിയ ആശങ്കകൾക്ക് വഴിമാറുകയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ സുരക്ഷാ നടപടികൾ ഉണ്ടാകുമെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
riyadh-us-embassy-attack-iran-israel-conflict-update-2026
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



