ദുബായ്: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദുബായിൽ മിസൈൽ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതർ. വെള്ളിയാഴ്ച ഉച്ചയോടെയാണ് താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര സുരക്ഷാ സന്ദേശങ്ങൾ എത്തിയത്. സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയായി മേഖലയിലെ വിവിധ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് ദുബായിലും സുരക്ഷാ ഭീഷണി ശക്തമായത്. തുടർച്ചയായ മുന്നറിയിപ്പുകൾ ലഭിച്ചതോടെ ജനങ്ങൾക്കിടയിൽ നേരിയ പരിഭ്രാന്തി പടർന്നിട്ടുണ്ട്. പലരും അത്യാവശ്യ സാധനങ്ങളും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള പ്രധാന രേഖകളും കരുതി വെച്ചിരിക്കുകയാണ്. നിലവിൽ യുഎഇയിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് സുരക്ഷാ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 28-ന് ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണമാണ് നിലവിലെ പ്രതിസന്ധിക്ക് തുടക്കമിട്ടത്. ഇതിന് തിരിച്ചടിയായി അയൽരാജ്യങ്ങളിലെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു. സംഘർഷം കടുത്തതോടെ ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ വ്യോമഗതാഗതം തടസ്സപ്പെടുകയും നിരവധി ഇന്ത്യൻ യാത്രക്കാർ കുടുങ്ങുകയും ചെയ്തിരുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Risk of missile attack: Dubai on high alert



