ജനപ്രതിനിധിയായ യുവനേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്. ഒരു യുവജന നേതാവിൽ നിന്ന് തനിക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നുവെന്ന് നടി വെളിപ്പെടുത്തി. പേരോ രാഷ്ട്രീയ പാർട്ടിയോ വെളിപ്പെടുത്താൻ താൽപര്യപ്പെടുന്നില്ലെന്ന് റിനി ആൻ ജോർജ് വ്യക്തമാക്കി. ഏതെങ്കിലും പാർട്ടിയെ അപകീർത്തിപ്പെടുത്തുകയല്ല തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
സമൂഹമാധ്യമം വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടതെന്ന് റിനി ആൻ ജോർജ് പറഞ്ഞു. നേരിൽ കണ്ടിട്ടില്ലാത്ത തനിക്ക് അദ്ദേഹം അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന് അവർ ആരോപിച്ചു. ഒരു യുവനേതാവിൽ നിന്ന് ഇത്തരം അനുഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. തുടക്കത്തിൽ ‘സമൂഹത്തിന് മാതൃകയാകേണ്ട ഒരാളാണ് നിങ്ങൾ’ എന്ന് താൻ അദ്ദേഹത്തെ ഉപദേശിച്ചപ്പോൾ, വലിയ സ്ത്രീപീഡനക്കേസുകളിൽപ്പെട്ട നേതാക്കൾക്ക് എന്ത് സംഭവിച്ചുവെന്നാണ് അദ്ദേഹം ചോദിച്ചതെന്ന് റിനി ആൻ ജോർജ് പറഞ്ഞു.
നിരന്തരമായി ചാനൽ ചർച്ചകളിലും സമരങ്ങളിലും പങ്കെടുക്കുന്ന ആളാണ് ഈ നേതാവെന്ന് നടി സൂചിപ്പിച്ചു. “ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുക്കാം, വരണം” എന്ന് പോലും അദ്ദേഹം തന്നോട് ആവശ്യപ്പെട്ടുവെന്നും നടി വെളിപ്പെടുത്തി. അന്ന് ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് കുറച്ചു നാളത്തേക്ക് അദ്ദേഹത്തിൽ നിന്ന് ശല്യമുണ്ടായില്ല. എന്നാൽ പിന്നീട് വീണ്ടും സന്ദേശങ്ങൾ അയച്ചു. നിരവധി സ്ത്രീകൾക്ക് ഈ നേതാവിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ആരും അത് തുറന്നു പറയാൻ തയ്യാറാവാത്തതുകൊണ്ടാണ് താനിപ്പോൾ പ്രതികരിക്കുന്നതെന്നും അവർ പറഞ്ഞു.
നേതാവിന്റെ പാർട്ടിയുടെ ഉന്നത നേതാക്കളോട് ഈ വിഷയം സംസാരിച്ചപ്പോൾ, “വിഷമിക്കേണ്ട, ഞങ്ങൾ പരിഹരിക്കാം” എന്ന മറുപടിയാണ് ലഭിച്ചതെന്നും റിനി ആൻ ജോർജ് പറഞ്ഞു. എന്നാൽ അതിനുശേഷം ഈ യുവനേതാവിന് കൂടുതൽ സ്ഥാനമാനങ്ങൾ ലഭിച്ചതായും നടി ആരോപിച്ചു.
Malayalam actor accuses young politician of sending her offensive messages



