പൗട്ടുക്കറ്റ്: റോഡ് ഐലൻഡിലെ പൗട്ടുക്കറ്റിൽ യൂത്ത് ഹോക്കി മത്സരത്തിനിടെ ഉണ്ടായ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഡെന്നിസ് എം. ലിഞ്ച് അരീനയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വെടിവെപ്പിൽ പരിക്കേറ്റ മറ്റ് മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൗട്ടുക്കറ്റ് പോലീസ് ചീഫ് ടീന ഗോൺസാൽവസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കൊല്ലപ്പെട്ട രണ്ട് പേർ മുതിർന്നവരാണെന്നാണ് പ്രാഥമിക വിവരം. അക്രമി സ്വയം വെടിവെച്ചാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസിന് നേരിട്ട് പങ്കില്ലെന്നും എന്നാൽ മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ചീഫ് കൂട്ടിച്ചേർത്തു. കുടുംബതർക്കത്തെ തുടർന്ന് ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
സംഭവസമയത്ത് അരീനയ്ക്കുള്ളിൽ ഉണ്ടായിരുന്ന ദൃക്‌സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണെന്നും ഗ്രൗണ്ടിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. കളി നടന്നുകൊണ്ടിരിക്കെ വെടിയൊച്ച കേട്ടതോടെ താരങ്ങളും കാണികളും പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് അരീനയ്ക്ക് ചുറ്റുമുള്ള റോഡുകൾ അടയ്ക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
രണ്ട് മാസം മുമ്പ് ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവെപ്പിന് പിന്നാലെ റോഡ് ഐലൻഡിനെ നടുക്കുന്ന രണ്ടാമത്തെ വലിയ വെടിവെപ്പാണിത്. എന്നാൽ മുമ്പുണ്ടായ സംഭവവുമായി ഇതിന് ബന്ധമില്ലെന്ന് പൗട്ടുക്കറ്റ് മേയർ ഡോൺ ഗ്രെബിയൻ പറഞ്ഞു. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ മത്സരത്തിൽ ഏർപ്പെട്ടിരിക്കെ ഉണ്ടായ ഈ ദുരന്തം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൊവിഡൻസിന് സമീപം സ്ഥിതി ചെയ്യുന്ന പൗട്ടുക്കറ്റ് ഏകദേശം എൺപതിനായിരത്തോളം ജനസംഖ്യയുള്ള നഗരമാണ്. ഹാസ്‌ബ്രോ ആസ്ഥാനത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ നഗരത്തിൽ ഉണ്ടായ അപ്രതീക്ഷിത അക്രമം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ അക്രമിയെക്കുറിച്ചോ കൊല്ലപ്പെട്ട മറ്റുള്ളവരെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Rhode Island shooting: Three dead, including gunman; three seriously injured



