ന്യൂ ബ്രൺസ്വിക്: കാനഡയിലെ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡംസിലെ ഭാഷാപരമായ അവകാശങ്ങൾ പ്രവിശ്യാ സ്ഥാപനങ്ങൾക്ക് ബാധകമാക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ന്യൂ ബ്രൺസ്വിക് കോടതികൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ന്യൂ ബ്രൺസ്വിക് അപ്പീൽ കോടതിയും കോർട്ട് ഓഫ് കിംഗ്സ് ബെഞ്ചും പുറപ്പെടുവിച്ച മൂന്ന് വിധികൾ ഭരണഘടനാപരമായ ഭാഷാ സംരക്ഷണത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതാണെന്ന് നിയമവിദഗ്ധരും ഫ്രാങ്കോഫോൺ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ഈ വിധികൾ നിലനിൽക്കുകയാണെങ്കിൽ, ഭാവിയിൽ ഭാഷാപരമായ അവകാശങ്ങൾ വിപുലീകരിക്കുന്ന രീതിയിലുള്ള ഉത്തരവുകൾ കോടതികളിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നാണ് വിലയിരുത്തൽ.
ലെഫ്റ്റനന്റ് ഗവർണർ പദവി, രണ്ട് കോടതികളുടെ പ്രവർത്തനം നിർത്തലാക്കൽ, വിറ്റാലിറ്റി ഹെൽത്ത് അതോറിറ്റിയുടെ ഭരണഘടനാ പദവി എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതികളുടെ പുതിയ നിരീക്ഷണങ്ങൾ ഉണ്ടായത്. ചാർട്ടറിലെ സെക്ഷൻ 16.1 പ്രകാരം ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷാ കമ്മ്യൂണിറ്റികൾക്ക് അവരുടെ ഭാഷാ സംസ്കാരം നിലനിർത്താൻ ആവശ്യമായ വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ, വിദ്യാഭ്യാസം, സംസ്കാരം എന്നിവയൊഴികെയുള്ള മേഖലകളിൽ പ്രത്യേക സ്ഥാപനങ്ങൾ നിർബന്ധമല്ലെന്നാണ് അപ്പീൽ കോടതി വ്യക്തമാക്കിയത്. ട്രക്കാഡി, കാരക്വെറ്റ് എന്നിവിടങ്ങളിലെ കോടതികൾ പൂട്ടാനുള്ള സർക്കാർ തീരുമാനം ഭാഷാപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി നിരീക്ഷിച്ചു.
വിറ്റാലിറ്റി ഹെൽത്ത് അതോറിറ്റിയുടെ ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെങ്കിലും സെക്ഷൻ 16.1 ഇതിന് ബാധകമല്ലെന്ന് ജസ്റ്റിസ് ക്രിസ്റ്റ ബോർക്ക് വ്യക്തമാക്കി. വിറ്റാലിറ്റി ഫ്രഞ്ച് സമൂഹത്തിന് പ്രധാനപ്പെട്ടതാണെങ്കിലും അതൊരു സർക്കാർ സ്ഥാപനമാണെന്നും ചാർട്ടറിലെ പ്രത്യേക സംരക്ഷണം ഇതിന് ലഭിക്കില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഭാഷാപരമായ അവകാശങ്ങൾ ഉദാരമായി വ്യാഖ്യാനിക്കപ്പെടണമെന്ന 1999-ലെ സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ ‘ബിയുലാക്’ (Beaulac) വിധിക്ക് വിരുദ്ധമാണ് നിലവിലെ കോടതികളുടെ സമീപനമെന്ന് പ്രൊഫസർ ബ്രൂണോ ഗെലിനാസ്-ഫോഷർ അറിയിച്ചു. കോടതികളുടെ ഈ നിലമാറ്റം ഫ്രാങ്കോഫോൺ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിറ്റാലിറ്റി കേസിൽ അപ്പീൽ കോടതി തങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലാത്തപക്ഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും അക്കാഡിയൻ സൊസൈറ്റി ഓഫ് ന്യൂ ബ്രൺസ്വിക് പ്രസിഡന്റ് നിക്കോൾ ആഴ്സെനോ-സ്ലൂട്ടർ അറിയിച്ചു. ലാംഗ്വേജ് റൈറ്റ്സ് സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. അതേസമയം, കേസുകൾ കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കാനില്ലെന്ന് അറ്റോർണി ജനറൽ റോബ് മക്കീയുടെ വക്താവ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Restrictions on language rights! New Brunswick courts’ new stance is being discussed



