ഒന്റാറിയോ: മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സംഘർഷങ്ങൾ കാനഡയിലെ കൃഷി മേഖലയെയും ഗ്രോസറി വിലയെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ഗ്വെൽഫ് സർവകലാശാലയിലെ ഫുഡ് ഇക്കണോമിക്സ് പ്രൊഫസർ മൈക്ക് വോൺ മാസോ. ആഗോള എണ്ണവിലയിലുണ്ടായ വർധനവ് കാനഡയിലെ കൃഷിയിടങ്ങളിലും വിപണികളിലും വരുംദിവസങ്ങളിൽ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസപ്പെട്ടതോടെ ഇന്ധനവില ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കർഷകർ വിത്തുവിതയ്ക്കുന്ന സമയമായതിനാൽ ട്രാക്ടറുകൾക്കും മറ്റും ആവശ്യമായ ഇന്ധനച്ചെലവ് വർധിക്കുന്നത് ഉൽപ്പാദനച്ചെലവ് കൂട്ടാൻ കാരണമാകും. കൂടാതെ, മിഡിൽ ഈസ്റ്റിൽ നിന്നുള്ള നൈട്രജൻ വളത്തിന്റെ വരവ് കുറഞ്ഞത് കിഴക്കൻ കാനഡയിലെ കൃഷിമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന പ്രദേശമായതിനാൽ വളത്തിന്റെ വിലയിലുണ്ടാകുന്ന മാറ്റം കർഷകർക്ക് വലിയ തിരിച്ചടിയാകും.
അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ നിന്നും സെൻട്രൽ അമേരിക്കയിൽ നിന്നും ട്രക്കുകൾ വഴി എത്തുന്ന പഴങ്ങൾക്കും പച്ചക്കറികൾക്കുമാകും ആദ്യം വില കൂടുക. ഇത്തരം ഉൽപ്പന്നങ്ങളുടെ ഗതാഗതച്ചെലവ് പത്ത് ശതമാനത്തോളം ഉയരാൻ സാധ്യതയുള്ളതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഗ്രോസറി സ്റ്റോറുകളിൽ ഈ മാറ്റം പ്രകടമാകും. പെട്ടെന്ന് കേടാകുന്ന ഉൽപ്പന്നമായതിനാൽ അധികച്ചെലവ് ഉടൻ തന്നെ ഉപഭോക്താക്കളിലേക്ക് എത്തുമെങ്കിലും, മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ പെട്ടെന്നൊരു വർധനവ് ഉണ്ടാകില്ലെന്നും മൈക്ക് വോൺ മാസോ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
War in the Middle East backfires: Report says food prices will rise in Canada



