ഫ്ലോറിഡ: 1980-ൽ കാണാതായ കനേഡിയൻ യുവതി ജീനറ്റ് മാർക്കോട്ടിന്റെ മൃതദേഹാവശിഷ്ടങ്ങൾ ഫ്ളോറിഡയിൽ കണ്ടെത്തിയതായി ബ്രെവാർഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ഫ്ളോറിഡയിലെ മലബാറിൽ 1985-ൽ കണ്ടെത്തിയ അസ്ഥികൂടാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയിലൂടെയാണ് മാർക്കോട്ടിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. സസ്‌കച്ചവാനിൽ നിന്ന് വാൻകൂവറിലേക്ക് പോകുന്നതിനിടെയാണ് ഇവരെ കാണാതായത്. അമേരിക്കൻ ഡിഎൻഎ ഇൻവെസ്റ്റിഗേറ്റീവ് സ്ഥാപനമായ Othram ആണ് തിരിച്ചറിയൽ പ്രക്രിയയിൽ ഫ്ളോറിഡ നിയമപാലകരെ സഹായിച്ചത്.
മറ്റൊരു യുവതിയായ കിംബർലി വാക്കറുടെ മൃതദേഹാവശിഷ്ടങ്ങൾക്കൊപ്പമാണ് മാർക്കോട്ടിന്റേതും കണ്ടെത്തിയതെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ടോഡ് ഗുഡ് ഇയർ വ്യക്തമാക്കി. 2002-ൽ അന്തരിച്ച സീരിയൽ കില്ലർ ജോൺ ക്രച്ച്‌ലിയുടെ ഇരകളാണ് ഇരുവരുമെന്ന് പോലീസ് സംശയിക്കുന്നു. കിംബർലി വാക്കറെ നേരത്തെ ദന്താശുപത്രി രേഖകൾ ഉപയോഗിച്ച് തിരിച്ചറിഞ്ഞിരുന്നു. ക്രച്ച്‌ലി ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇയാൾ താമസിച്ചിരുന്ന സ്ഥലത്തിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് എന്നത് സംശയം വർധിപ്പിക്കുന്നു.
രണ്ട് യുവതികളുടെയും മരണകാരണം ഇതുവരെ ഔദ്യോഗികമായി നിർണ്ണയിച്ചിട്ടില്ല. എങ്കിലും ക്രച്ച്‌ലിയുടെ കൈവശം കാണാതായ പല വ്യക്തികളുടെയും തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയത് ഇയാൾക്ക് കൊലപാതകങ്ങളിൽ പങ്കുണ്ടാകാം എന്ന വിലയിരുത്തലിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചിരുന്നു. പതിറ്റാണ്ടുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അത്യാധുനിക ഡിഎൻഎ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മാർക്കോട്ടിനെ തിരിച്ചറിയാൻ സാധിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Breakthrough in DNA testing; Remains found in Florida confirmed to be those of missing Canadian woman



