കിഴക്കൻ ഒന്റാറിയോ, പടിഞ്ഞാറൻ ക്യുബെക്ക് എന്നീ മേഖലകളിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലിരുന്ന വായു മലിനീകരണ മുന്നറിയിപ്പ് എൻവിറോൺമെന്റ് കാനഡ ഞായറാഴ്ച പിൻവലിച്ചതായി അറിയിച്ചു. പടിഞ്ഞാറൻ കാനഡയിലെ വിനാശകരമായ കാട്ടുതീകളിൽ നിന്നുള്ള പുകമേഘങ്ങൾ ഈ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതാണ് മുന്നറിയിപ്പ് പുറപ്പെടുവിക്കാൻ കാരണമായത്. പുകമേഘങ്ങളുടെ സാന്നിധ്യം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുമെന്ന് അധികൃതർ മുന്നറിയിപ്പിൽ
വ്യക്തമാക്കിയിരുന്നു.
പുകയുടെ സാന്ദ്രത ഉയരുന്നതിനനുസരിച്ച് ആരോഗ്യപ്രശ്നങ്ങളും വർധിക്കുമെന്നും ജനങ്ങൾ പുറത്തിറങ്ങുന്നത് കുറയ്ക്കുകയും ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ പുനർപരിശോധിക്കുകയും വേണമെന്നും അധികൃതർ നിർദേശിച്ചിരുന്നു.
നിലവിൽ വായുവിന്റെ ഗുണനിലവാരത്തിൽ കാര്യമായ പുരോഗതി ഉണ്ടായതായി എൻവിറോൺമെന്റ് കാനഡ സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ വായു ഗുണനിലവാര സൂചിക മൂന്ന് പോയിന്റിൽ എത്തിയിരിക്കുന്നതായി കണ്ടെത്തി. ഇത് കുറഞ്ഞ ആരോഗ്യഭീഷണിയെ സൂചിപ്പിക്കുന്ന സുരക്ഷിത നിലയാണ്.
ഇന്ന് വായുവിന്റെ ഗുണനിലവാരം പരമാവധി നാലാം ലെവലിൽ മാത്രമേ എത്തുകയുള്ളൂവെന്നും ഇത് സാധാരണ ആരോഗ്യത്തിന് വലിയ പ്രശ്നമുണ്ടാക്കില്ലെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വായുവിന്റെ ഗുണനിലവാരം അതീവ അപകടകരമായ പത്ത് പ്ലസ് എന്ന നിലയിൽ എത്തിയിരുന്നു. ഇതിനുശേഷം ശനിയാഴ്ച അഞ്ച് മുതൽ ആറാം നില വരെയുള്ള സൂചികകൾ രേഖപ്പെടുത്തിയിരുന്നു.
വായു ഗുണനിലവാരത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായെങ്കിലും പടിഞ്ഞാറൻ കാനഡയിൽ നിന്നുള്ള പുകവലയങ്ങൾ ഇപ്പോഴും ഒന്റാറിയോ, ക്യുബെക്ക്, പടിഞ്ഞാറൻ ന്യൂയോർക്കിന്റെ ചില ഭാഗങ്ങൾ എന്നിവയെ സ്വാധീനിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും airhealth.ca എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് അധികൃതർവ്യക്തമാക്കി. കാട്ടുതീ സാഹചര്യത്തിൽ സാധാരണക്കാർ എത്രമാത്രം ജാഗ്രത പുലർത്തണമെന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ്.



