ഒന്റാരിയോ: ജനുവരി പകുതിയോടെ ദക്ഷിണ ഒന്റാരിയോയിൽ ആരംഭിച്ച അതിശൈത്യത്തിന് ഫാമിലി ഡേ വാരാന്ത്യത്തോടെ ശമനമുണ്ടാകുമെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു. ശനിയാഴ്ച ടൊറന്റോയിൽ 2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തുമെന്നും തിങ്കളാഴ്ചയോടെ ഇത് 6 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നുമാണ് പ്രവചനം. തെക്കുപടിഞ്ഞാറൻ കാറ്റ് ഈ മേഖലയിലേക്ക് ചൂടുള്ള വായു എത്തിക്കുന്നതാണ് താപനില വർദ്ധിക്കാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ എറിക് ടോംലിൻസൺ വ്യക്തമാക്കി.
കഴിഞ്ഞ 23 ദിവസമായി ടൊറന്റോയിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെയായിരുന്നു. ഇത് റെക്കോർഡ് തകർത്തിട്ടില്ലെങ്കിലും 2015-ലെ ശൈത്യകാലത്തിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ തണുപ്പുകാലമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. 2015-ൽ തുടർച്ചയായി 32 ദിവസമാണ് ടൊറന്റോയിൽ ശൈത്യം നീണ്ടുനിന്നത്. സാധാരണഗതിയിൽ ജനുവരി അവസാന വാരവും ഫെബ്രുവരി ആദ്യ വാരവുമാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടാറുള്ളതെന്നും അതിനാൽ ശൈത്യകാലത്തിന്റെ തീവ്രമായ ഘട്ടം അവസാനിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ദക്ഷിണ ഒണ്ടാറിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിശൈത്യം സംബന്ധിച്ച മുന്നറിയിപ്പുകൾ നിലവിലുണ്ടായിരുന്നു. കാറ്റിനൊപ്പം മൈനസ് 35 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെട്ട ദിവസങ്ങളിൽ ഫ്രോസ്റ്റ്ബൈറ്റ് സാധ്യതയെക്കുറിച്ച് ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ താപനില ഉയരുമെങ്കിലും ഇടയ്ക്കിടെ പൂജ്യം ഡിഗ്രിക്ക് താഴെയുള്ള ദിവസങ്ങൾ ഉണ്ടായേക്കാമെന്നും വരാനിരിക്കുന്ന സീസണൽ താപനില മേഖലയ്ക്ക് ആശ്വാസകരമാകുമെന്നും എറിക് ടോംലിൻസൺ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Relief from extreme cold in Ontario; Temperatures set to rise, meteorologists say



